ജിഷ്ണു പ്രണോയി കേസില്‍ ചൊവ്വാഴ്ചയ്ക്കകം സി.ബി.ഐ നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി

single-img
3 November 2017

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയി കേസില്‍ ചൊവ്വാഴ്ചയ്ക്കകം സി.ബി.ഐ നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി. ഇല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുമെന്നും സി.ബി.ഐയ്ക്ക് കോടതി അന്ത്യ ശാസനം നല്‍കി. അതേസമയം, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള യാതൊരു അറിയിപ്പും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

അതിനാലാണ് കേസ് അന്വേഷണം ഏറ്റെടുക്കാത്തതെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ നേരത്തെ സുപ്രിം കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐയുടെ മറുപടി.

കേസ് സിബിഐയ്ക്ക് കൈമാറാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സുപ്രിം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മാനേജ്‌മെന്റിലെ ഉന്നതര്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. പത്തു മാസത്തെ അന്വേഷണത്തില്‍ കാര്യമായി ഒന്നും കണ്ടെത്തിയിട്ടില്ല. ജാമ്യത്തില്‍ ഇറങ്ങിയവര്‍ തെളിവ് നശിപ്പിക്കും. ജിഷ്ണുവിന്റെ രക്തപ്പാടുള്ള മുറി പൊലീസ് സീല്‍ ചെയ്തില്ല.

തൂങ്ങി കിടക്കുന്നത് കണ്ട കൊളുത്തും തുണിയും ഫോറന്‍സിക് പരശോധനകള്‍ക്കായി അയച്ചില്ല. ഡി.വൈ.എസ്പിയും സി.ഐയും സംഭവ സ്ഥലം സന്ദര്‍ശിച്ചില്ല. ജിഷ്ണുവിനെ ഇടിമുറിയില്‍ കയറ്റി മര്‍ദ്ദിക്കണമെന്ന് കൃഷ്ണദാസ് നിര്‍ദ്ദേശം നല്‍കിയിരുന്നതായി അറിഞ്ഞിട്ടു പോലും കൊലപാതക സാദ്ധ്യതയെ പറ്റി അന്വേഷിച്ചില്ലെന്നും മഹിജ കോടതിയെ അറിയിച്ചു.