ഗുജറാത്തിലേത് സത്യവും നുണകളും തമ്മിലുള്ള പോരാട്ടം; ഞങ്ങളുടേത് സത്യപക്ഷം: രാഹുൽ ഗാന്ധി

single-img
3 November 2017

ഗുജറാത്തിൽ നടക്കുന്നത് സത്യവും നുണകളും തമ്മിലുള്ള പോരാട്ടമാണെന്നും അതിൽ സത്യത്തിന്റെ പക്ഷത്താണു തങ്ങളെന്നും കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മഹാഭാരതയുദ്ധത്തിലെ പാണ്ഡവ കൌരവ പക്ഷങ്ങളെ ആലങ്കാരികമായി ഉപയോഗിച്ചുകൊണ്ടാണു തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി ബിജെപിക്കെതിരേ ആഞ്ഞടിച്ചത്.

“പ്രധാനമന്ത്രിയുടെ കയ്യിൽ കേന്ദ്ര സർക്കാർ, പോലീസ്, ആർമി എന്നിവയും ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ സംസ്ഥാന സർക്കാരുകളും ഉണ്ട്. എന്റെ ഭാഗത്താണെങ്കിൽ സത്യം മാത്രമേയുള്ളൂ. സത്യമല്ലാതെ ഒന്നും ഞങ്ങൾക്കാവശ്യവുമില്ല”, രാഹുൽ ഗാന്ധി പറഞ്ഞു.

“പോരാട്ടം സത്യവും നുണകളും തമ്മിലാണു. കൌരവരുടെ കയ്യിൽ വലിയ പടയും ആയുധങ്ങളുമെല്ലാം ഉണ്ടായിരുന്നു. പാണ്ഡവരുടെ കയ്യിൽ സത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കയ്യിലും സത്യമല്ലാതെ മറ്റൊന്നുമില്ല,” രാഹുൽ തുടർന്നു.

റായ്ബറേലിയിലെ എൻ ടി പി സി പവർ പ്ലാന്റിൽ ബോയിലർ പൊട്ടിത്തെറിച്ച അപകടത്തിലെ ഇരകളെ സന്ദർശിച്ച ശേഷം തിരിച്ചെത്തിയ രാഹുൽ ഗാന്ധി വീണ്ടും തെരെഞ്ഞടുപ്പ് പ്രചാരണത്തിൽ സജീവമായിരിക്കുകയാണു.

പ്രധാനമന്ത്രി മോദി തന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരുവർഷം രണ്ടു കൊടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തു അധികാരത്തിലേറിയ മോദിയ്ക്ക് ഒരുവർഷം ഒരുലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പോലും സാധിച്ചില്ലെന്ന് രാഹുൽ ആരോപിച്ചു.

ബിജെപി സർക്കാരിന്റെ നയങ്ങൾ മൂലം കർഷകരും ആദിവാസികളും ദളിതരും ദരിദ്രജനവിഭാഗങ്ങളും ദുരിതമനുഭവിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

“ യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ, കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ, ചിലവേറിയ സ്വകാര്യ വിദ്യാഭ്യാസവും ആരോഗ്യരംഗവും, അഴിമതി, ഭൂമി തട്ടിയെടുക്കൽ എന്നിവയാണു ഗുജറാത്തിലെ യാഥാർത്ഥ്യങ്ങൾ.  അഞ്ചോ പത്തോ കോർപ്പറേറ്റുകൾക്ക് ലഭിക്കുന്ന ലാഭം, ഭൂമിയും ജലവും തട്ടിയെടുക്കൽ, നാനോയുടെ പേരിൽ ടാറ്റയ്ക്ക് നൽകിയ 35000 കോടിയുടെ ലോൺ, ഉന്നതന്മാരൊറ്റ് ചേർന്നു നിൽക്കൽ ( സ്യൂട്ട് ബൂട്ട് കി യാരി) എന്നിവയാണു ബിജെപിയുടെ യാഥാർത്ഥ്യങ്ങൾ“, രാഹുൽ ആരോപിച്ചു.

ആദിവാസി ഭൂരിപക്ഷമുള്ള വൽസദ് ജില്ലയിലെ നാന പൊന്ദയിലെ ഒരു സദസ്സിലാണു രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്. യു പി എ സർക്കാർ കൊണ്ടുവന്ന ആദിവാസ ക്ഷേമ ബിൽ സംസ്ഥാന സർക്കാർ അട്ടിമറിച്ചതായും രാഹുൽ ആരോപിച്ചു.