നടന്‍ ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തുനല്‍കി: ‘ഡിജിപിക്കും എഡിജിപിക്കും തന്നെ കുടുക്കിയതില്‍ പങ്കുണ്ട്’

single-img
3 November 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തരസെക്രട്ടറിക്കു കത്തുനല്‍കി. വ്യാജതെളിവുണ്ടാക്കി തന്നെ കുടുക്കിയെന്ന് കത്തില്‍ പറയുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി ബി.സന്ധ്യയ്ക്കും തന്നെ കുടുക്കിയതില്‍ പങ്കുണ്ടെന്നു ദിലീപ് കത്തില്‍ ആരോപിക്കുന്നു.

കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരായ എവി ജോര്‍ജ്, സുദര്‍ശന്‍ എന്നിവരും അന്വേഷണം വഴിതെറ്റിക്കുകയാണെന്നും ദിലീപ് പറയുന്നു. തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരസെക്രട്ടറിക്ക് രണ്ടാഴ്ച മുന്‍പാണ് ദിലീപ് കത്തു നല്‍കിയത്.

കേസ് സിബിഐക്ക് വിട്ടില്ലെങ്കില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പദവിക്ക് യോജിക്കാത്ത പ്രവര്‍ത്തനമാണ് ഡിജിപി ബെഹ്‌റയില്‍നിന്ന് ഉണ്ടായത്. കേസുമായി ബന്ധപ്പെട്ടു പിടിയിലായ ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഡിജിപിയെ സമീപിച്ച വ്യക്തിയാണ് താന്‍.

എല്ലാ വിവരങ്ങളും ബെഹ്‌റയെ അറിയിച്ചിരുന്നു. എന്നിട്ടും വ്യാജതെളിവുകള്‍ ഉണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു.