ഭോപ്പാലിൽ 19-കാരി വഴിയരുകിൽ കൂട്ടബലാത്സംഗത്തിനിരയായി: സിനിമാക്കഥയെന്ന് പറഞ്ഞ് പോലീസ് കേസൊതുക്കാൻ നോക്കിയെന്ന് പെൺകുട്ടിയുടെ അമ്മ

single-img
3 November 2017

മധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപ്പാലിൽ വഴിയരുകിൽ വെച്ച് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സിവിൽ സർവ്വീസ് കോച്ചിംഗിനു പോയി മടങ്ങുന്ന വഴിയാണു 19-കാരിയായ യുവതിയെ നാലുപേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് ബലാത്സംഗം ചെയ്തത്.  പെൺകുട്ടിയുടെ അച്ഛൻ റെയിൽവേ പോലീസിലും അമ്മ സ്റ്റേറ്റ് സി ഐ ഡിയിലും ഉദ്യോഗസ്ഥരാണു.

ചൊവ്വാഴ്ച്ച രാത്രി പത്തുമണിയൊടെയായിരുന്നു സംഭവമെന്നു പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. സിവിൽ സർവ്വീസ് കോച്ചിംഗ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഹബീബ് ഗഞ്ച് റെയിൽവേ സ്റ്റേഷനടുത്ത് വെച്ച് നാലുപേർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടി അവരോട് മല്ലിടുകയും രക്ഷപ്പെടാനായി ഒരു കല്ലുകൊണ്ട് അവരെ ഇടിക്കുകയും ചെയ്തെങ്കിലും അവർ മറ്റൊരു കല്ലുകൊണ്ട് പെൺകുട്ടിയെ ഇടിച്ചുവീഴ്ത്തിയശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മൂന്നുമണിക്കൂറോളം പെൺകുട്ടിയെ മാറിമാറി പീഡിപ്പിച്ച ഇവർ ഇടയ്ക്ക് ചായ കുടിക്കാനും പാൻ മസാല ചവയ്ക്കാനും ഇടവേളകൾ കണ്ടെത്തിയതായും പരാതിയിലുണ്ട്. ഒടുവിൽ അവശയായ പെൺകുട്ടി മരിച്ചെന്ന് കരുതി ട്രാക്കിലുപേക്ഷിച്ച ശേഷം ഇവർ രക്ഷപ്പെടുകയായിരുന്നു.

പെൺകുട്ടിയുടെ രക്ഷിതാക്കൾ ആദ്യം പരാതിയുമായി എം പി നഗർ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും സംഭവസ്ഥലം സന്ദർശിച്ച ശേഷം ഇത് തങ്ങളുടെ അധികാരപരിധിയ്ക്ക് പുറത്തല്ലെന്ന് വാദിച്ച സ്റ്റേഷൻ ഓഫീസർ കേസെടുക്കാനോ പരാതിക്കാരെ സഹായിക്കാനോ തയ്യാറായില്ല. ഒടുവിൽ ഹബീബ് ഗഞ്ച് പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടി അക്രമികളിൽ രണ്ടുപേരെ പോലീസ് സ്റ്റേഷൻ പരിസരത്തുവെച്ച് കാണുകയും തുടർന്ന് ബന്ധുക്കൾ ഇവരെ പിടികൂടുകയും ചെയ്തു. സംഭവം നടന്നത് റെയിൽവേ പരിസരത്തായതിനാൽ റെയിൽവേ പോലീസിനാണു കേസെടുക്കാനധികാരമെന്നതിനാൽ പ്രാഥമിക പരാതി രജിസ്റ്റർ ചെയ്ത ശേഷം ഗവണ്മെന്റ് റെയിൽവേ പോലീസ് സ്റ്റേഷനിൽപ്പോകാൻ ഹബീബ് ഗഞ്ച് സ്റ്റേഷൻ അധികൃതർ ആവശ്യപ്പെട്ടു.

എന്നാൽ ജി ആർ പി സ്റ്റേഷനിൽ പരാതിക്കാരെ കാത്തിരുന്നത് അവഗണയും അവഹേളനവുമായിരുന്നു. സ്റ്റേഷൻ ഓഫീസർ മോഹിത് സക്സേനയും എസ് ഐ ഉയ്ക്കിയും തങ്ങളോട് മോശമായി പെരുമാറിയതായി പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഈ പരാതി വ്യാജമാണെന്നും ഇതൊരു വ്യാജ സിനിമാമോഡൽ കഥയാണെന്നും പറഞ്ഞ് എസ് ഐ ഉയ്ക്കി തങ്ങളെ അപമാനിച്ചതായി രക്ഷിതാക്കൾ പരാതിപ്പെട്ടു.

പോലെസിലും മറ്റു സേനകളിലും ഉദ്യോഗസ്ഥരായ തങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ള സാധാരണക്കാരുടെ അവസ്ഥ ആലോചിക്കാൻ പോലും കഴിയില്ലെന്ന് പെൺകുട്ടിയുടെ അമ്മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകിയപ്പോഴാണു പരാതി സ്വീകരിച്ച് അന്വേഷണം നടത്താൻ പോലീസ് തയ്യാറായത്. എം പി നഗർ പോലീസ് സ്റ്റേഷൻ ഓഫീസർ ആർ എൻ ഠീക്കാമിനെ ഡ്യൂട്ടിയിൽ വീഴ്ച്ച വരുത്തിയതിനു സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംസ്ഥാന വനിതാക്കമ്മീഷൻ പോലീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടുകയും ആഭ്യന്തരമന്ത്രി സംഭവത്തിലെ പോലീസിന്റെ വീഴ്ച്ചയെക്കുറിച്ചന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു.

സംഭവത്തിലെ മൂന്നു പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണു. സംഭവത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതി ഉപയോഗിച്ച് വിചാരണ നടത്താൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ ഉത്തരവിട്ടു.