കമല്‍ഹാസനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ബി.ജെ.പി: കമല്‍ഹാസന്റെ മാനസിക നില തെറ്റിയെന്ന് നേതാക്കള്‍

single-img
3 November 2017

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്. കമലിന് ലഷ്‌കര്‍ ഇ ത്വായ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്നായിരുന്നു ബി.ജെ.പി. ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹറാവു കുറ്റപ്പെടുത്തിയത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി സോണിയയും രാഹുലും നയിക്കുന്ന കോണ്‍ഗ്രസ് മുസ്ലീം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായി ഇന്ത്യയെയും ഹിന്ദുമതത്തെയും ഇകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ സുശീല്‍ കുമാര്‍ ഷിണ്ഡെയും പി.ചിദംബരവും പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിന് സമാനമായ പ്രസ്താവനയാണ് കമല്‍ഹാസന്‍ നടത്തിയിരിക്കുന്നത്.

ഇതുവഴി ചിദംബരത്തിന്റെയും ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെയും ഗണത്തില്‍ പെട്ടിരിക്കുകയാണ് കമലെന്നും നരസിംഹറാവു പറഞ്ഞു. പാകിസ്താന് ഗുണകരമായ പ്രസ്താവനയാണിത്. ഇതുപോലുള്ള വില കുറഞ്ഞ രാഷ്ട്രീയ നീക്കങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും റാവു വ്യക്തമാക്കി.

അതേസമയം കമല്‍ഹാസന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും ആശുപത്രിയില്‍ പോയി കമല്‍ഹാസന്‍ ചികിത്സിക്കണമെന്നും ബിജെപി നേതാവ് വിനയ് കത്യാര്‍ പറഞ്ഞു. ഇത്തരം അപകീര്‍ത്തികരമായ രാഷ്ട്രീയം നല്ലതല്ല. ഒരു തെളിവും ഇല്ലാതെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ മാപ്പ് പറയണമെന്നും കത്യാര്‍ ആവശ്യപ്പെട്ടു. 62കാരനായ കമല്‍ഹാസനെതിരെ തമിഴ്‌നാട് ബിജെപി നേതൃത്വം അപകീര്‍ത്തി കേസ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ തമിഴ് വാര്‍ത്താ വാരികയായ ആനന്ദ വികടനിലെ സ്ഥിരം പംക്തിയിലൂടെയായിരുന്നു കമല്‍ഹാസന്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നത്. ‘നേരത്തെ ഹിന്ദു, വലത് സംഘടനകള്‍ അക്രമത്തെ പിന്തുണച്ചിരുന്നില്ല. എതിര്‍കക്ഷികളെ ആശയപരമായി നേരിടാനായിരുന്നു അവര്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൈയ്യൂക്കുകൊണ്ടാണ് അവര്‍ മറുപടിപറയുന്നതെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.

ദ്രാവിഡ സംസ്‌കാരത്തെ നശിപ്പിക്കുന്ന വര്‍ഗീയവത്കരണത്തെ കുറിച്ച് തന്റെ നിലപാടെന്തെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായാണ് കമല്‍ഹാസന്റെ പ്രതികരണം. സാമൂഹിക നീതി നിലനിര്‍ത്തുന്നതില്‍ തമിഴ്‌നാട് വീണ്ടും മാതൃ കാണിക്കുകയാണ്. ഇതിന് തമിഴ്‌നാടിന് വഴി കാട്ടിയ കേരളത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദ കേസുകളിലൊന്നും ഹിന്ദുക്കളെ കുറ്റക്കാരായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന വാദത്തിനും കമല്‍ഹാസന്‍ മറുപടി നല്‍കി. വലത് സംഘടനകളെ തീവ്രവാദം ബാധിച്ചുവെന്ന കാര്യം അവര്‍ക്ക് പോലും നിഷേധിക്കാനാവില്ല. വലത് സംഘടനാ ക്യാമ്പുകളേയും ഇത് ബാധിച്ചിട്ടുണ്ടെന്നും ഇത് നല്ലതിനാവില്ലെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

‘സത്യമേവ ജയതേ’ എന്ന ആദര്‍ശത്തില്‍ ഹിന്ദുക്കള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പകരം കൈയ്യൂക്ക് കാണിക്കുന്നതിലാണ് അവരിന്ന് വിശ്വസിക്കുന്നത്. വിദ്വേഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങളാണ് വര്‍ഗീയവത്ക്കരണത്തിന്റെ പേരില്‍ നടക്കുന്നതെന്നും പംക്തിയില്‍ കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.