ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് അമലാ പോള്‍; രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

single-img
3 November 2017

ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ ന്യായീകരണവുമായി നടി അമല പോള്‍ രംഗത്ത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നാണ് അമലാ പോളിന്റെ വിശദീകരണം.

ആരോപണങ്ങളുടെ ഞെട്ടലിലാണ് ഞാനും കുടുംബവും. ഈ വര്‍ഷം തന്നെ ഒരു കോടിയോളം രൂപ നികുതി അടച്ച ആളാണ് ഞാന്‍. ഇന്ത്യ എന്ന ദേശീയതയ്ക്ക് അപ്പുറം തനിക്കെതിരെ പ്രചാരണം നടത്തുന്ന മാധ്യമം പ്രാദേശിക സങ്കുചിതവാദമാണ് ഉയര്‍ത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അമല ആരോപിക്കുന്നു.

കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളത്. താന്‍ ബംഗളൂരുവില്‍ ചെലവഴിച്ചതും ഇതേ ഇന്ത്യന്‍ കറന്‍സി തന്നെയാണ്. തമിഴിലും മലയാളത്തിലും താന്‍ അഭിനയിക്കുന്നുണ്ട്. തനിക്ക് ഇനി തെലുങ്കില്‍ അഭിനയിക്കണമെങ്കില്‍ വിമര്‍ശകരുടെ അനുവാദം വാങ്ങേണ്ടതുണ്ടോ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അമല ചോദിക്കുന്നു.

എന്നാല്‍, താരത്തിന്റെ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച അടിസ്ഥാന വിവരം പോലും അമലാ പോളിന് അറിയില്ലെന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് വന്നിരിക്കുന്നത്. ഇന്ത്യന്‍ പൗരന് രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യതയുണ്ടെന്നും, എല്ലാ വര്‍ഷവും കോടികള്‍ നികുതി അടയ്ക്കുന്നു എന്നത് നിയമലംഘനത്തിനുള്ള ലൈസന്‍സ് അല്ലെന്നും ചിലര്‍ മറുപടി നല്‍കിയിരിക്കുന്നു.

പുതുച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമലാപോളിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 20 ലക്ഷം രൂപയുടെ നികുതിയാണ് ഈ ക്രമക്കേടിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടമായത്.