വാഹനം വാങ്ങുന്നവര്‍ക്ക് ഇനി മുതല്‍ ഇഷ്ടമുള്ള ഇന്‍ഷുറന്‍സ് പോളിസി എടുക്കാം; തങ്ങള്‍ പറയുന്ന പോളിസി എടുക്കണമെന്ന് ഡീലര്‍മാര്‍ നിര്‍ബന്ധിക്കാന്‍ പാടില്ല

single-img
2 November 2017

ഇനി മുതല്‍ ഷോറൂമില്‍ നിന്ന് വാഹനം വാങ്ങുമ്പോള്‍ ഉപഭോക്താവിന് ഇഷ്ടമുള്ള ഇന്‍ഷുറന്‍സ് പോളിസി എടുക്കാം. ഡീലര്‍മാര്‍ക്ക് താല്‍പര്യമുള്ള ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ല. ഇഷ്ടമുള്ള ഇന്‍ഷുറന്‍സ് പോളിസി എടുക്കാമെന്നു വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ഷോറൂമുകളില്‍ സ്ഥാപിക്കണമെന്നു വാഹന ഡീലര്‍മാര്‍ക്കു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി.

ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ ചില ഡീലര്‍മാര്‍ 8,000 രൂപ മുതല്‍ 12,000 രൂപവരെ അധികമായി ഈടാക്കുന്നതായി ഗതാഗത വകുപ്പ് അധികൃതര്‍ക്കു പരാതി ലഭിച്ചിരുന്നു. നേരിട്ട് ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍നിന്ന് ഉപയോക്താക്കളെ വിലക്കുന്ന കേസുകളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണു പുതിയ നിര്‍ദേശം.

താലൂക്ക് പരിധിയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ ഫോണ്‍ നമ്പരുകളാണു ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടത് എന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശത്തില്‍ പറയുന്നു.