മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് സിപിഐ ദേശീയ നേതൃത്വം

single-img
2 November 2017

തിരുവനന്തപുരം: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ സി പി ഐ ദേശീയ നേതൃത്വവും രംഗത്ത്. അധികാര ദുര്‍വിനിയോഗം നടത്തി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാരില്‍ അഴിമതിക്കു സ്ഥാനമില്ല. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു. തോമസ് ചണ്ടിയും സിപിഐ സംസ്ഥാന നേതൃത്വവും തുറന്ന പോരിലേക്ക് കടന്ന സാഹചര്യത്തിലാണ് മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി ഐ ജനറല്‍ സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന ജനജാഗ്രതാ യാത്രയ്ക്കിടെ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വേദിയിലിരിക്കെ തോമസ് ചാണ്ടി നടത്തിയ പരാമര്‍ശങ്ങളും വെല്ലുവിളികളും വിവാദമായിരുന്നു.