ഒരു മുടിയനായ പുത്രന്‍ എഴുതിയ കത്തുകള്‍

single-img
2 November 2017

ഒടുവിൽ അവര്‍ അഭിമാനപൂര്‍വ്വം സമ്മതിച്ചു സവര്‍ക്കര്‍ മാപ്പിരന്നെന്ന്. ഒരിക്കലല്ല, നിരവധി തവണ. ഒരേദിവസം രണ്ട് ടെലിവിഷന്‍ ചര്‍ച്ചകളിലായി ബിജെപിയുടെ ഔദ്യോഗിക വക്താവ് ജെ.ആര്‍. പത്മകുമാര്‍ സംഘപരിവാറിനു വേണ്ടി ഔദ്യേഗിക സ്ഥിരീകരണം നല്‍കി. കത്തെഴുതിയത് വെറുതെയല്ല. ജയിലില്‍ നിന്നും പുറത്തിറങ്ങി ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുവാനായിരുന്നുവത്രെ. ആന്റമാന്‍ ജയിലില്‍ നിന്ന് സവര്‍ക്കര്‍ എഴുതിയ ആദ്യ കത്തിന്റെ പരിഭാഷ ചുവടെ ചേര്‍ക്കുന്നു.

 

“എനിക്കുചിതമായ വിചാരണയും നീതിപൂര്‍വ്വമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞകാലങ്ങളില്‍ ചെയ്തുപോയ അക്രമണങ്ങളെ ഞാന്‍ ഹൃദയം കൊണ്ട് അത്യധികം വെറുക്കുകയും എന്നാല്‍ കഴിയും വിധം ബ്രിട്ടീഷ് നിയമങ്ങളെയും ഭരണഘടനയെയും മുറുകെ പിടിക്കേണ്ടതും അതിനു വിധേയമാവുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് മനസിലാക്കുകയും ചെയ്യുന്നു. എന്നെ അനുവദിച്ചാല്‍ ഇതുവരെ ഒരു വിജയമായിട്ടുളള പരിഷ്‌കരണങ്ങള്‍ (ബിട്ടന്റെ ഭരണ പരിഷ്‌കാരങ്ങളാണ് ഉദ്ദേശിക്കുന്നത്) തുടര്‍ന്ന് നടപ്പാക്കുന്നതിന് ഞാന്‍ ഭാവിയില്‍ ശ്രമിക്കുന്നതുമായിരിക്കും. ബ്രിട്ടീഷ് ഗവണ്‍മെന്റ് അവരുടെ അപാരമായ ഔദാര്യത്താലും ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കില്‍ നവോത്ഥാനത്തിന്റെ പരമോന്നതമായ ഇംഗ്ലീഷ് ഗവണ്‍മെന്റിന്റെ ശക്തനായ വക്താവായി ഞാന്‍ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂര്‍ണമായ വിധേയത്വം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്യും. കൂടാതെ എന്റെ പ്രവര്‍ത്തനം ഒരിക്കല്‍ എന്റെ മാര്‍ഗ്ഗദർശകനായി കണ്ട ഇന്ത്യയിലും വിദേശത്തുമുള്ള തെറ്റായി നയിക്കപ്പെടുന്ന അനേകം യുവാക്കളെ ബ്രിട്ടീഷ് അനുകൂല നിലപാടിലേക്ക് മടക്കികൊണ്ടുവരും. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പൈതൃക വാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് മുടിയനായ പുത്രന് മടങ്ങി വരാനാവുക. ബ്രിട്ടീഷ് ഗവണ്‍മെന്റിന് മാത്രമെ അത്രയും കാരുണ്യം കാണിക്കാനാകൂ. “

 

(ലെറ്റര്‍ നം. 2022 ഏപ്രില്‍ 4, 1911). 1995 ഏപ്രിൽ 7ന് ഫ്രണ്ട്‌ലൈന്‍ ഈ കത്ത് പ്രസിദ്ധീകരിച്ചിരുന്നു.

 

1913 നവംബര്‍ 14ന് രണ്ടാമത്തെ മാപ്പപേക്ഷയിലെ പ്രസക്തമായ ഒരു ഭാഗം ഇങ്ങനെ,

 

“ ഏതുവിധേനയും ഞാന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്ന രീതിയില്‍ ഗവണ്‍മെന്റിന് സേവനം ചെയ്യാന്‍ സന്നദ്ധനാണ്. എന്റെ സംഭാഷണം എത്രമാത്രം സത്യസന്ധമാണോ അതുപോലെ തന്നെയായിരിക്കും എന്റെ ഭാവിയിലെ പെരുമാറ്റവും. എന്നെ ജയിലില്‍ കിടത്തുന്നതു വഴി നഷ്ടം മാത്രമായിരിക്കും സംഭവിക്കുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ.  അങ്ങേയ്ക്ക് മാത്രമെ എന്നോട് കരുണ ചെയ്യാന്‍ സാധിക്കുവെന്നിരിക്കെ ഈ മുടിയനായ പുത്രന് പിതൃസ്ഥാനത്തുള്ള ഗവണ്‍മെന്റിന്റെ വാതിലല്ലാതെ വേറെയെവിടെ മുട്ടാന്‍ കഴിയും? “

 

ഇതിനു പുറമെ 1917-ലും 1918-ലും 1920-ലും മാപ്പപേക്ഷകള്‍ ആവര്‍ത്തിച്ചു. ഒടുവില്‍ 1921 മെയ് 2-ന് ആന്റമാന്‍ ജയിലില്‍ നിന്നും രത്‌നഗിരി ജയിലിലേയ്ക്കും തുടര്‍ന്ന് യർവാദ സെന്‍ട്രല്‍ ജയിലിലേക്കും സവര്‍ക്കറെ മാറ്റി. 1924-ല്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഒരോ കത്തും പരിശോധിച്ചാല്‍ സവര്‍ക്കര്‍ മാപ്പിരക്കുക മാത്രമല്ല, അക്ഷരങ്ങള്‍കൊണ്ട് ബ്രട്ടീഷുകാരന്റെ പാദസേവ ചെയ്യുകതന്നെയായിരുന്നുവെന്ന് മനസിലാകും. ഒരു ജനതയാകെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരഭൂമിയിലേയ്ക്ക് കുതിച്ച കാലത്ത്, സ്വന്തം സ്വാതന്ത്ര്യത്തിനു വേണ്ടി മാപ്പിരന്നയാളുടെ പേരിനൊപ്പം വീര്‍ എന്ന് കൂട്ടിച്ചേര്‍ക്കുന്നത് അശ്ലീലമായ ചരിത്രാഖ്യാനമാണ്.

ഭഗത് സിംഗ്

ഇരുപത്തി മൂന്നാമത്തെ വയസ്സിലാണു ഭഗത്സിഗും സുഖ്‌ദേവും കൊലക്കയറിലേക്ക് ശിരസ് നീട്ടി കൊടുത്തത്. അന്ന് രാജ്ഗുരുവിന് പ്രായം ഇരുപത്തി രണ്ട്. മൂന്ന് ചെറുപ്പക്കാരും തങ്ങളുടെ വിചാരണവേളയില്‍ ഒരിക്കല്‍ പോലും മാപ്പിരന്നില്ല. ഒരോ വിചാരണ ദിവസവും ബ്രിട്ടീഷ് വിരുദ്ധ പ്രസംഗങ്ങള്‍ക്കും രാഷ്ട്രീയ പ്രചരണത്തിനുമുള്ള വേദിയായി അവര്‍ കോടതി മുറിയെ മാറ്റി. ദീര്‍ഘമായ വിചാരണ വേളയില്‍ എപ്പോഴെങ്കിലും ഒന്ന് മാപ്പിരന്നെങ്കില്‍ സാമ്രാജ്യത്വത്തിനു മുന്നില്‍ ശിരസൊന്ന് കുനിച്ചിരുന്നെങ്കില്‍, മൂവരും ചെറിയ പ്രായത്തില്‍ തൂക്കിലേറ്റപെടില്ലായിരുന്നു. സവര്‍ക്കര്‍ മാപ്പിരന്നെഴുതിയ കത്തിനെ പ്രകീര്‍ത്തിക്കുന്നവര്‍ ലാഹോര്‍ ജയിലില്‍ നിന്നും ഭഗത്സിംഗ് പഞ്ചാബ് ഗവര്‍ണര്‍ക്കെഴുതിയ കത്തുകൂടി (1931) വായിക്കണം.

‘We claim to be shot dead instead of to be hanged’. ഞങ്ങളെ തൂക്കിലേറ്റുന്നതിന് പകരം വെടിയുതിര്‍ത്ത് കൊല്ലാനാണ് ഭഗത്സിംഗ് ആവശ്യപ്പെട്ടത്. മരണത്തെപോലും ഇങ്ക്വിലാബിന്റെ ഇടിമുഴക്കം കൊണ്ട് നേരിട്ട ധീരതയുടെ പേരാണ് ഭഗത്സിംഗ്. 

പ്രീതി ലതാ വഡേദാര്‍

പ്രീതി ലതാ വഡേദാര്‍

പഹര്‍ത്തിയിലെ യൂറോപ്യന്‍ ക്ലബ്ബില്‍ നായകള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനമില്ലെന്ന (‘Dogs and Indians not allowed) ബോര്‍ഡ് ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചു. യൂറോപ്യന്‍ ക്ലബ് അക്രമിക്കാന്‍ വിപ്ലവകാരികള്‍ തീരുമാനിച്ചു. സംഘത്തിന് നേതൃത്വം നല്‍കിയത് ഒരു പെണ്‍കുട്ടിയായിരുന്നു, പ്രീതി ലതാ വഡേദാര്‍. 1932 സെപ്റ്റംബര്‍ 23ന് രാത്രി 10.45ന് ഇന്ത്യക്കാരന്റെ അഭിമാനത്തിന് വിലപറഞ്ഞ ബോര്‍ഡ് വലിച്ചെറിഞ്ഞ് പോരാളികള്‍ ക്ലബിനകത്തേക്ക് ഇരച്ചുകയറി. സംഭവത്തില്‍ പിടിയിലായ പ്രീതി ലത വഡേദാര്‍ ബ്രിട്ടീഷ് ഓഫീസറുടെ കാലില്‍ വീണ് യാചിക്കുകയല്ല ചെയ്തത്, കയ്യില്‍ കരുതിയിരുന്ന സയനൈഡ് രുചിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. അന്നവള്‍ക്ക് പ്രായം വെറും ഇരുപത്തി ഒന്നു മാത്രമാണെന്ന് സവര്‍ക്കറെ വാഴ്ത്തുന്നവര്‍ ഒര്‍ക്കണം.

പാരതന്ത്ര്യം മരണത്തേക്കാള്‍ ഭയാനകമാണെന്ന് കരുതിയ ഭാരതത്തിന്റെ ധീരരായ രക്തസാക്ഷികള്‍ നേടിതന്നതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചുമരില്‍ ഗാന്ധിജിക്കരികില്‍ ചരിത്രത്തെ പല്ലിളിച്ച് കാണിച്ച് ഇന്ന് സവര്‍ക്കറുടെ ചിത്രമിരിപ്പുണ്ട്. തപാല്‍ സ്റ്റാമ്പായും, പാര്‍ലമെന്റിലെ ചുമര്‍ ചിത്രമായും, വിമാനത്താവളത്തിന്റെ പേരായും. തിരുത്തി എഴുതുന്ന ചരിത്രത്തില്‍ വീരപുരുഷനായും, അവരോധിച്ചാല്‍ സവര്‍ക്കര്‍ക്ക് ചരിത്രത്തിലെ തെമ്മാടിക്കുഴിയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയില്ല.

ജയില്‍ മോചനത്തിനു ശേഷം സവര്‍ക്കര്‍ ബ്രിട്ടന് കൊടുത്ത വാക്ക് പാലിച്ചു. അവര്‍ അനുവദിച്ചിടത്ത് ജീവിച്ചു. അവര്‍ ആവശ്യപ്പെട്ടൊതൊക്കെ എഴുതി. അവര്‍ പറഞ്ഞതൊക്കെ പ്രസംഗിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ കടുത്ത വിമര്‍ശകനായി സവര്‍ക്കര്‍ പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തിനായുള്ള മഹാപ്രക്ഷോഭങ്ങളെയൊക്കെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഇന്ത്യന്‍ ദേശീയതയ്ക്ക് പകരമായി ഹിന്ദുത്വ ദേശീയത അദ്ദേഹം മുന്നോട്ട് വെച്ചു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തെ അതിജീവിച്ച് രാജ്യം ഒറ്റക്കെട്ടായി ബ്രിട്ടനെതിരെ മുന്നേറുവാന്‍ പ്രയത്‌നിക്കുമ്പോള്‍ സവര്‍ക്കര്‍ തീവ്രഹിന്ദുത്വ ദേശീയതയുടെ പ്രചാരകനായി രാജ്യം ചുറ്റുകയായിരുന്നു. 193- ജനുവരി 26-ന്  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആഹ്വാന പ്രകാരം ത്രിവര്‍ണ പതാക രാജ്യമെങ്ങും ഉയര്‍ത്തിയപ്പോള്‍ ആര്‍.എസ്.എസും ഹിന്ദുമഹാസഭയും കാവിക്കൊടി ഉയര്‍ത്തിയാണ് ദേശീയസമരത്തിന് പ്രതിരോധം തീര്‍ത്തത്. 1942ലെ മഹത്തായ ക്വിറ്റ് ഇന്ത്യാ സമരത്തെ അദ്ദേഹത്തിന്റെ സംഘടനയായ ഹിന്ദുമഹാസഭ പരസ്യമായി എതിര്‍ത്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുന്നത് വൃഥാ വ്യായാമമാണ്. ജയില്‍വാസം അനുഷ്ഠിക്കുന്നതും ജീവിതം ഹോമിക്കുന്നതും തികഞ്ഞ മണ്ടത്തരം. ധനവും ജോലിയും യൗവ്വനവും ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിനു വേണ്ടി ഹോമിക്കുന്നത് തികഞ്ഞ മൌഢ്യമാണെന്ന് സവര്‍ക്കറും ഹിന്ദുമഹാസഭയും ആര്‍എസ്.എസും തുടര്‍ച്ചയായി തങ്ങളുടെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു. മാപ്പെഴുതി പുറത്തറങ്ങിയത് ബ്രിട്ടനെതിരെ പൊരുതുവാനായിരുന്നുവെന്ന് ബഡായി പറയുന്നവര്‍ക്ക് ജയില്‍മോചിതനായ സവര്‍ക്കര്‍ പങ്കെടുത്ത ഏതെങ്കിലുമൊരു പ്രക്ഷോഭത്തെ പരാമർശിക്കാനാകുമോ? തുടർന്ന് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ലെന്ന് മാത്രമല്ല, പ്രക്ഷോഭത്തെ ഒറ്റുകൊടുക്കുകയും ചെയ്ത ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ഹിന്ദുമുസ്ലീം ഐക്യം ഒരിക്കലും സാധ്യമാകരുതെന്ന് ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചിരുന്നു. ഇതേ ആഗ്രഹം തന്നെയായിരുന്നു സവര്‍ക്കര്‍ക്കും ബഹുസ്വരതയുടെ ദേശീയതയല്ല സവർക്കർ ഉയർത്തിപ്പിടിച്ചത്. ബ്രിട്ടീഷുകാർ ആഗ്രഹിച്ചതുപോലെയുള്ള തീവ്രഹിന്ദുത്വ ദേശീയതയുടെ ശബ്ദമായിരുന്നു പിന്നെ അദ്ദേഹത്തിന്റേത്.

ഗാന്ധിവധത്തില്‍ വിചാരണനേരിട്ടയാളാണ് സര്‍വക്കര്‍. 1948 ജനുവരി 30ന് ഗാന്ധി കൊല്ലപ്പെടുന്നതിനും പത്ത് ദിവസം മുമ്പ് ജനുവരി 20ന് അദ്ദേഹത്തിനു നേരെ നടന്ന വധശ്രമത്തിന്റെ പിന്നിലാണ് സവര്‍ക്കറെ രാജ്യം പിന്നെ കാണുന്നത്. ഈ സംഭവത്തില്‍ അറസ്റ്റിലായ മദന്‍ലാല്‍ പഹ്വ ഗാന്ധിക്കു നേരെ നടത്തിയ വധശ്രമത്തിന് മുമ്പ് സവര്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയതായി പോലീസിനോട് സമ്മതിക്കുന്നുണ്ട്, ( എ ജി നൂറാനി, ജനുവരി 30, 2013 ഹിന്ദു ദിനപത്രം).

ഗാന്ധിയെ കൊല്ലാന്‍ പുറപ്പെടുന്നതിനു മുമ്പ് ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും സവര്‍ക്കറെ കണ്ടിരുന്നതായും വെളിപ്പെടുത്തലുണ്ടായി. സവര്‍ക്കറുടെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു ഇവര്‍ രണ്ടു പേരും. ഗാന്ധി വധത്തിലെ ഗൂഢാലോചനയെ കുറിച്ച്  അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കപൂര്‍ കമ്മീഷനു മുമ്പില്‍ സവര്‍ക്കറുടെ അംഗരക്ഷകനായിരുന്ന അപ്പാരാമചന്ദ്രകസറും അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഗജാനന്‍ വിഷ്ണുഡാംലയും ഇക്കാര്യം വെളിപ്പെടുത്തി.

നാഥുറാം വിനായക് ഗോഡ്സേ

മാത്രമല്ല, വിവിധ വേദികളില്‍ സവര്‍ക്കര്‍ക്കൊപ്പം കൊലയാളികളായ ഗോഡ്‌സെയും ആപ്‌തെയും ഉണ്ടായിരുന്നതായും ഇവര്‍ കപൂര്‍ കമ്മീഷനു മുമ്പില്‍ മൊഴി നല്‍കി (എ.ജി നൂറാനി, ജനുവരി 30, 2013 ഹിന്ദു ദിനപത്രം).ഗോഡ്‌സെക്കും ആപ്‌തെക്കും പുറമെ മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിഷ്ണുരാമകൃഷ്ണകാര്‍ക്കര്‍, ദിഗംബര്‍, രാമചന്ദ്ര ബാഡ്‌ജെ, ശങ്കര്‍ ഗോപാല്‍ ഗോഡ്‌സെ, പര്‍ക്കുറെ എന്നിവര്‍ക്കെല്ലാം സവര്‍ക്കറുമായി അടുത്ത ബന്ധമായിരുന്നു. ഈ പ്രതികളോടൊപ്പം സവര്‍ക്കറും പ്രതി ചേര്‍ക്കപ്പെടുകയും ചെയ്തു. വിചാരണക്കൊടുവില്‍ സവര്‍ക്കര്‍ വിട്ടയക്കപ്പെട്ടു. പില്‍ക്കാലത്ത് കപൂര്‍ കപൂര്‍കമ്മറ്റിയ്ക്ക് മുമ്പില്‍ വന്ന ചില വിമര്‍ശനം പിന്നീട് ഉയര്‍ന്നിട്ടുമുണ്ട്. പക്ഷേ സവര്‍ക്കറുടെ ‘കുട്ടികളാണ്’, ഗോഡ്‌സെയും കൂട്ടരും എന്ന കാര്യത്തില്‍ സവര്‍ക്കര്‍ അനുകൂലികള്‍പോലും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുമെന്ന് കരുതുന്നില്ല.

സവര്‍ക്കര്‍ തന്റെ ഇംഗ്ലണ്ടിലെ പഠനക്കാലത്ത് ഇന്ത്യാ ഹൗസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനവ് ഭാരത് സൊസൈറ്റി പോലുള്ള ബ്രിട്ടീഷ് വിരുദ്ധ ഗ്രൂപ്പുകളില്‍ അദ്ദേഹം ബന്ധപ്പൈട്ടിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 1910-ല്‍ അറസ്റ്റിലാവുകയും ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്തതു മുതല്‍ സവര്‍ക്കറുടെ രാഷ്ട്രീയ നിലപാട് തലകീഴായി മറിഞ്ഞു. അറസ്റ്റിന് മുമ്പുള്ള  തന്റെ രാഷ്ട്രീയ നിലപാടിനെയും പ്രവര്‍ത്തനങ്ങളെയും മാപ്പപേക്ഷകളിലൂടെ സവര്‍ക്കര്‍ തള്ളി പറയുന്നുമുണ്ട്. മുടിയനായ പുത്രന്റെ ബുദ്ധി ശൂന്യതയും വിവരക്കേടുമായാണ് സവര്‍ക്കര്‍ തന്റെ തന്നെ ഭൂതക്കാലത്തെ പുനര്‍വായിച്ചത്. ആന്റമാനിലെ ജയിൽ വാസത്തിനിടയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് ആശയാടിത്തറ നല്‍കാന്‍  സവര്‍ക്കര്‍ ശ്രമിച്ചു. ജയില്‍ ജീവിതത്തിനിടയില്‍ത്തന്നെ ഹിന്ദുത്വ രാഷ്ട്രീയമാണ് തന്റെ നിലപാടെന്ന് സവര്‍ക്കര്‍ വ്യക്തമാക്കുന്നുണ്ട്. മാപ്പെഴുതി ജയില്‍ മോചിതനായത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനാണെന്ന സംഘപരിവാര്‍ വാദം പരിഹാസ്യവും അടിസ്ഥാനരഹിതവുമാണ്. മോചനത്തിന് മുമ്പേ തന്നെ ബ്രിട്ടീഷ് വുരുദ്ധത അദ്ദേഹം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യവുമല്ല തീവ്ര ഹിന്ദുത്വ രാഷ്ട്രീയമാണ് തന്റെ ലക്ഷ്യമെന്ന് ഇടക്കാലയളവിലെ സവര്‍ക്കറുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നുണ്ട്.

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ പ്രൗഡമായ ഭൂതകാലത്ത് വേരാഴ്ത്തി നില്‍ക്കുന്നതല്ല സംഘപരിവാറിന്റെ ചരിത്രം. ഒറ്റകൊടുത്തതിന്റെയും, ഭയന്നുവിറച്ച് പിന്മാറിയതിന്റെയും, രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് സ്തുതി പാടിയതിന്റെയും, അവര്‍ക്ക് വേണ്ടി രാജ്യത്തെ മതപരമായി വിഘടിച്ചതിന്റെയും ഭൂതകാലമാണ് അവര്‍ക്കുള്ളത്. മാപ്പെഴുതിയതും പാദസേവ ചെയ്തതും വിശുദ്ധ പ്രവര്‍ത്തനമാണെന്ന് നിര്‍വചിക്കുന്നത് ഇല്ലാത്ത വേരുകള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ തുടര്‍ച്ച മാത്രമാണ്.