സംഘടനയ്ക്കു നേരെ നടത്തിക്കൊണ്ടിരിക്കുന്നത് പിശാചുവല്‍ക്കരണമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ്; സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു

single-img
2 November 2017

ഇന്ത്യയില്‍ സംഘടിതമായി മതംമാറ്റം നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യാ ടുഡേ ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് എ എസ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു. കേസില്‍ സൈനബയെ പ്രതി ചേര്‍ക്കുന്നതു സംബന്ധിച്ചും എന്‍ഐഎ പരിശോധന നടത്തിവരികയാണ്.

മറ്റു പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ പങ്കും അന്വേഷിക്കുകയാണെന്നും എന്‍ഐഎ അറിയിച്ചു. മതപരിവര്‍ത്തനം, ഹാദിയയുടെ വിവാഹം എന്നിവയുമായി ബന്ധപ്പെട്ടാണ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തത്. മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിലൂടെ സൈനബ വെളിപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സൈനബയെ ചോദ്യം ചെയ്തതെന്നാണ് സൂചന. സൈനബയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംഭവത്തെ പറ്റി അന്വേഷണം നടത്താന്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയോടും ഇന്റലിജന്‍സ് എഡിജിപിയോടും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ സംഘം നേരിട്ടെത്തി സൈനബയെ ചോദ്യം ചെയ്തത്.

കേരളത്തിലെ മതപരിവര്‍ത്തനവുമായി സൈനബയ്ക്ക് ബന്ധമുള്ളതായി എന്‍ഐഎ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.
ഹാദിയയുടെ മാതാപിതാക്കളുടെ മൊഴിയും സൈനബയ്ക്ക് എതിരായിരുന്നു. ഹാദിയയെ മതം മാറ്റിയത് സൈനബയായിരുന്നുവെന്നാണ് പിതാവ് അശോകന്‍ ആരോപിച്ചിരുന്നത്. ഹാദിയയും ഷെഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം നടത്തിയതും സൈനബയായിരുന്നു.

അതേസമയം ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ തനിക്കും സംഘടനയ്ക്കും നേരെ നടത്തിക്കൊണ്ടിരിക്കുന്നത് പിശാചുവല്‍ക്കരണമാണെന്ന് ആരോപിച്ച് സൈനബ രംഗത്ത് എത്തി. സൈനബ ഇന്ത്യാ ടുഡേയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇവരുടെ പ്രതികരണം.

കെട്ടിച്ചമച്ചതും തെറ്റിദ്ധാരണാജനകമായ വിധത്തില്‍ മുന്നും പിന്നും വെട്ടിമാറ്റി സംപ്രേഷണം ചെയ്ത അഭിമുഖം എന്നാണ് സൈനബ സാമൂഹ്യ ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇന്ത്യാ ടുഡേ ചാനലിന്റെ അടിസ്താന രഹിതമായ ആരോപണങ്ങള്‍ക്ക് എ. എസ് സൈനബയുടെ മറുപടി എന്ന തലക്കെട്ടില്‍ നാഷണല്‍ വുമണ്‍സ് ഫ്രണ്ട് കേരളാ സ്റ്റേറ്റിന്റെ പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സത്യസരണി ഒരു വിദ്യാഭ്യാസ സ്ഥാപനമാണെന്നും ഒരു മതപരിവര്‍ത്തന കേന്ദ്രമല്ലെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. ഇതുപോലെ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാനുള്ള നടപടിക്രമങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് എന്നാലാവുംവിധം ഞാന്‍ വിശദീകരിച്ചു.

സത്യസരണിയില്‍ നിന്നു പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കണക്കാണ് ഞാന്‍ നല്‍കിയത്. അതില്‍ മുസ്ലീങ്ങളും അമുസ്ലീങ്ങളും പുരുഷന്മാരും സ്ത്രീകളും ഉണ്ട്. ഈ വിവരം സത്യരണിയുടെ വെബ്‌സൈറ്റില്‍ ഏവര്‍ക്കും ലഭ്യമാണ്. അതറിയാന്‍ ഒരു സ്റ്റിംഗ് ഓപറേഷന്റെയും ആവശ്യമില്ലെന്നും സൈനബ പറയുന്നു.

വിദേശ ഫണ്ട് അടക്കമുള്ള മറ്റാരോപണങ്ങളെല്ലാം തന്നെ കല്ലുവച്ച നുണകളാണ്. ദേശീയ ചാനലുകളുടെ റേറ്റിംഗ് കൂട്ടാന്‍ നടത്തുന്ന മല്‍സരത്തില്‍ തന്നെ ബലിയാടാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയും കേരളത്തില്‍ നിലവില്‍ പുറത്തുവന്ന ഞെട്ടിക്കുന്ന സംഭവങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യത്തോടെയും സംഭാഷണത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും മാറ്റിമറിക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി.