സിനിമക്കെതിരെ ഉറഞ്ഞുതുള്ളി വീണ്ടും ബിജെപി: ‘പത്മാവതി’യുടെ റിലീസ് നീട്ടിവെക്കണം

single-img
2 November 2017

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘പത്മാവതി’യുടെ റിലീസ് നീട്ടി വെക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. പത്മാവതി ചിത്രം നിരോധിക്കുകയോ റിലീസിങ്ങ് നീട്ടുകയോ വേണമെന്നാണ് ബിജെപിയുടെ ആവശ്യം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ രാജ്പുത് സമുദായത്തിന്റെ വികാരം വ്രണപ്പെടുമെന്നും ഇത് സംഘര്‍ഷമുണ്ടാകുമെന്നും ബിജെപി ഗുജറാത്ത് പ്രസിഡന്റ് ഐ.കെ ജഡേജ പറഞ്ഞു.

ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ചിത്രീകരണത്തിനിടെ സെറ്റ് അഗ്‌നിക്കിരയാക്കിയത് വിവാദമായിരുന്നു. ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യും.

14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പത്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. 160 കോടി രൂപ മുതല്‍മുടക്കിലാണ് സിനിമ ചിത്രീകരിച്ചത്.