ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കുവൈത്ത് നിര്‍ത്തിവെച്ചു; ചെന്നൈയില്‍ നഴ്‌സിങ് ഇന്റര്‍വ്യൂ നടക്കുന്നതായി അറിയിപ്പ് കിട്ടിയവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

single-img
2 November 2017

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് നിയമനത്തിനു കുവൈത്ത് ആരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയ ആരോഗ്യമന്ത്രാലയത്തിന്റെ നടപടി വിവാദമായിരുന്നു.

ഇതേത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി അറിയിച്ചത്.

സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്നും മികച്ച ടെക്‌നീഷ്യന്മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യണമെന്നാണ് ആരോഗ്യമന്ത്രാലയം ആഗ്രഹിക്കുന്നത്.

എന്നാല്‍, ഇന്ത്യാ ഗവണ്‍മെന്റുമായി കൂടുതല്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷം നടപടി ക്രമങ്ങളില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കും റിക്രൂട്ട്‌മെന്റെന്ന് ഹര്‍ബി പറഞ്ഞു. ാവര്‍സീസ് മാന്‍ പവര്‍ ലിമിറ്റഡ്, ചെന്നൈയുടെ സഹകരണത്തോടെ ഇന്ത്യയില്‍ നിന്നു രണ്ടായിരം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുവാന്‍ നേരത്തെ മൂന്നു കുവൈത്ത് ഏജന്‍സികള്‍ക്കു നല്‍കിയ അനുമതി മരവിപ്പിച്ചതായും ഇന്ത്യന്‍ എംബസി അറിയിച്ചു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ശമ്പളമില്ലാതെ ജോലി ചെയ്തുവരുന്ന 257 നഴ്‌സുമാരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പര്യാപ്തമായ രീതിയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ പുതിയ ഇടങ്ങള്‍ സൃഷ്ടിച്ച് നിയമനം നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചതായും ഇന്ത്യന്‍ നയതന്ത്രകാര്യാലയം വ്യക്തമാക്കി.

ഇതിനിടെ, കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേയ്‌ക്കെന്ന് പറഞ്ഞ് ചെന്നെയില്‍ നഴ്‌സിങ് ഇന്റര്‍വ്യൂ നടക്കുന്നതായി പലര്‍ക്കും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രിതന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇത്തരം ഇന്റര്‍വ്യൂകള്‍ അംഗീകൃതമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.