കോണ്‍ഗ്രസ് ഇപ്പോള്‍ ചിരിക്കാനുളള ലാഫിങ് ക്ലബ്ബായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി

single-img
2 November 2017

ഷിംല: രാജ്യത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ ചിരിക്കാനുളള ലാഫിങ് ക്ലബ് ആയി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളെ ഇത്ര നാളും ശിക്ഷിച്ചതെന്തിനാണെന്ന് കോണ്‍ഗ്രസ് പറയണം. രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനെതിരെ ഉണ്ടായിട്ടും അഴിമതിയില്ലെന്ന് പറയുകയാണ് ഇക്കൂട്ടര്‍.

ദേവഭൂമിയില്‍ നിന്നും രാക്ഷസന്‍മാരെ ഓടിക്കാന്‍ സമയമായെന്നും മോദി പറഞ്ഞു. ഷിംലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. രാജ്യത്തെ ജനങ്ങള്‍ എന്തുകൊണ്ടാണ് നിങ്ങളില്‍ നിന്നും അകന്നു മാറി നില്‍ക്കുന്നതെന്ന് ആത്മപരിശോധന നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡോക് ലാം സംഘര്‍ഷം എങ്ങനെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തതെന്ന് രാജ്യത്തിനറിയാം. എന്നാല്‍ കോണ്‍ഗ്രസ് അതിനെ പോലും ചോദ്യം ചെയ്യുകയാണ്. ഡോക്ലാം വിഷയത്തെ കുറിച്ച് പ്രാഥമിക ജ്ഞാനം പോലും കോണ്‍ഗ്രസിനില്ലെന്നാണ് ഇത്തരം അനാവശ്യ ചോദ്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.