മീസില്‍സ് റൂബെല്ല 90% വാക്‌സിനേഷന്‍ നല്‍കിയ വിദ്യാലയങ്ങള്‍ക്ക് പ്രശംസാപത്രം നല്‍കി

single-img
2 November 2017

തിരുവനന്തപുരം: മീസില്‍സ് റൂബെല്ല പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായി ജില്ലയില്‍ 90 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ വാക്‌സിനേഷന്‍ എടുത്ത സ്‌കൂളുകള്‍ക്ക് സബ്കളക്ടര്‍ ഡോ. ദിവ്യ. എസ് ആയ്യര്‍ പ്രശംസാപത്രം നല്‍കി. കുന്നുപുറം ചിന്മയ വിദ്യാലയം, കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് പ്രശംസാപത്രം നല്‍കിയത്.

ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുത്ത് മീസില്‍സ് റൂബെല്ല രോഗങ്ങളെ തുടച്ചു നീക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. അതോടൊപ്പം വാക്‌സിനേഷന്‍ ഇതുവരെ എടുക്കാത്ത 9 മാസം മുതല്‍ 15 വയസുവരെയുള്ള കുട്ടകള്‍ ഉടന്‍ തന്നെ എം.ആര്‍ വാക്‌സിനേഷന്‍ എടുക്കണമെന്നും സബ്കളക്ടര്‍ പറഞ്ഞു. പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസ് ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി, ചിന്മയ ചീഫ് സേവക് സുരേഷ് മോഹന്‍, പ്രിന്‍സിപ്പല്‍ ശോഭ റാണി, കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. അഞ്ജന തുടങ്ങിയവര്‍ പങ്കെടുത്തു.

മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്താണ്. ലക്ഷ്യമിട്ടവരില്‍ 80 ശതമാനം കുട്ടികള്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിയതായി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 644771 പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. നവംബര്‍ 1 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ജില്ലയില്‍ 5,14,602 കുട്ടികള്‍ കുത്തിവയ്‌പ്പെടുത്തു.