കുവൈത്തില്‍ നിരന്തരം ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തിയേക്കും ?

single-img
2 November 2017

കുവൈത്തില്‍ നിരന്തരം റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുന്ന കാര്യം പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രാലയം. അഞ്ചുവര്‍ഷകാലയളവില്‍ അഞ്ചു തവണ ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തണമെന്നാണ് ഗതാഗത വകുപ്പ് സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശം.

ശിക്ഷയും പിഴയും കടുപ്പിച്ചിട്ടും ഗതാഗതനിയമം പാലിക്കുന്നതില്‍ ആളുകള്‍ ജാഗ്രതകുറവ് കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, നടവഴിയിലും പാതയോരങ്ങളിലും പാര്‍ക്ക് ചെയ്യല്‍, റോഡിരികില്‍ വാഹനം നിര്‍ത്തി ഗതാഗതതടസ്സമുണ്ടാക്കല്‍ തുടങ്ങിയവയെല്ലാം നാടുകടത്തല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് നീക്കം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരത്തുകളില്‍ വിദേശി ഡ്രൈവര്‍മാരുടെ ആധിക്യം ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ മൊബൈല്‍ ഉപയോഗമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് രണ്ടുമാസം വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.