മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയും കുഞ്ഞാലിമരക്കാരാകും

single-img
2 November 2017

കോഴിക്കോട്: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുഞ്ഞാലി മരക്കാരാവാന്‍ ഒരുങ്ങുന്നു. പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ ആവുന്നെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

ഇതിനു പിന്നാലെയാണ് ഏറെക്കാലമായി ചര്‍ച്ചയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന കുഞ്ഞാലിമരക്കാരുടെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് സിനിമാസിന്റെ അമരക്കാരന്‍ ഷാജി നടേശന്‍ നടത്തിയത്. ഓഗസ്റ്റ് സിനിമാസിന്റെ ഭാഗമായ സന്തോഷ് ശിവനായിരിക്കും ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്.

സാഹിത്യകാരനായ ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഏറെ നാളായി ഈ ചിത്രത്തെ പറ്റി പല അഭ്യൂഹങ്ങളും പരന്നിരുന്നു. അതിനെല്ലാം ഉത്തരവുമായി ഞെട്ടിക്കുന്ന പോസ്റ്ററുമായാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.

മാമാങ്കത്തിനു പിന്നാലെ മറ്റൊരു വന്‍ ചിത്രം കൂടി മമ്മൂട്ടിയുടേതായി പ്രഖ്യാപിക്കപ്പെട്ടത് ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റൈടുക്കുന്നത്. കുഞ്ഞാലി മരയ്ക്കാര്‍ 4 ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യോദ്ധാവാണ് കുഞ്ഞാലിമരക്കാര്‍. ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര പുരുഷനായിട്ടാണ് മമ്മൂട്ടി വേഷമിടുക.

കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. നേരത്തേ കുഞ്ഞാലിമരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി കെ പരീക്കുട്ടി നിര്‍മിച്ച് എസ് എസ് രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേംനസീര്‍ ആയിരുന്നു നായകന്‍