കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിന്റെ വേദി കൊച്ചിയിലേക്ക് മാറ്റി

single-img
2 November 2017

മുംബൈ: ഐഎസ്എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ വേദി മാറ്റി. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരം കൊച്ചിയിലേക്കാണ് മാറ്റിയത്. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

നവംബര്‍ 17നാണ് ഐഎസ്എല്‍ നാലാം സീസണ്‍ തുടങ്ങുന്നത്. ഐഎസ്എല്‍ സെമിഫൈനല്‍, ഫൈനല്‍ വേദികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇത്തവണ ഐഎസ്എല്‍ ഫൈനല്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മല്‍സരം കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഐഎസ്എല്‍ മാമാങ്കത്തിന്റേയും കലാശപ്പോര് കൊല്‍ക്കത്തയ്ക്കു ലഭിക്കുന്നത്. ഇതാദ്യമായാണ് കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനലിന് വേദിയാകുന്നത്. ഇതോടെ, 2018 ഫെബ്രുവരി ഒന്‍പതിനു കൊച്ചിയില്‍ നടക്കേണ്ട മല്‍സരത്തിന്റെ വേദി കൊല്‍ക്കത്തയിലേക്കും മാറും. ഉദ്ഘാടന മല്‍സരം കൊച്ചിയില്‍ നടക്കുന്നതിനാലാണ് കേരളത്തിന്റെ എവേ മല്‍സരം കൊല്‍ക്കത്തയിലേക്കു മാറ്റുന്നത്.