ഗെയില്‍ സമരത്തിലെ സംഘര്‍ഷം ആസൂത്രിതമെന്ന് പോലീസ്; തീവ്ര സ്വഭാവമുള്ള സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു

single-img
2 November 2017

കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമര സമിതിക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ പങ്കിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സമരത്തില്‍ പങ്കെടുക്കാന്‍ മലപ്പുറത്ത് നിന്ന് വരെ ആളുകള്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ഈ വഴിക്ക് വ്യാപിപ്പിക്കുന്നത്.

പ്രതിഷേധവും പൊലീസ് സ്റ്റേഷന്‍ ആക്രമണവും ആസൂത്രിതമാണ്. സമരക്കാരില്‍ ചിലരെത്തിയത് വടിയും കല്ലുകളുമായാണെന്നും പൊലീസ് വ്യക്തമാക്കി. സമരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉള്‍പ്പെടെയുള്ള പങ്ക് അന്വേഷിക്കുന്നുണ്ട്. ആളുകളെ ഭയവിഹ്വലരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണു സമരക്കാരുടെ ലക്ഷ്യം.

സംഭവത്തില്‍ അറസ്റ്റിലായവരെ റിമാന്‍ഡു ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അതിനിടെ സമരക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ അഞ്ചുവരെയാണ് ഹര്‍ത്താല്‍. നിയോജക മണ്ഡലത്തിനു പുറമെ മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലും ഹര്‍ത്താല്‍ നടത്തുന്നുണ്ട്.

ഇന്നലെ രാവിലെ മലപ്പുറം കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയായ എരഞ്ഞിമാവിലും വൈകുന്നേരം മുക്കം പൊലീസ് സ്റ്റേഷനു മുന്നിലുമാണ് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. പൊലീസിന്റെ ലാത്തി പ്രയോഗത്തിലും സമരക്കാരുടെ കല്ലേറിലും പരിക്കേറ്റവരില്‍ മാദ്ധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടും.

പൈപ്പുലൈന്‍ സ്ഥാപിക്കാനുള്ള പ്രവൃത്തിക്കായി ഇന്നലെ അതിരാവിലെ എത്തിയ ജെ.സി.ബിയും ജനറേറ്ററും സമരക്കാര്‍ തകര്‍ത്തു. പൊലീസ് സംരക്ഷണത്തോടെ എത്തിയ ഗെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് അവരുടെ വാഹനവും തകര്‍ത്തു. ഇതാണ് ലാത്തിച്ചാര്‍ജ്ജിന് ഇടയാക്കിയത്.

തുടര്‍ന്ന് സമരക്കാര്‍ റോഡില്‍ കല്ലും മരത്തടികളും നിരത്തിയും ടയര്‍ കത്തിച്ചും ഗതാഗതം തടഞ്ഞു. അതു വഴി വന്ന രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളും തകര്‍ത്തു. ഇതിനിടെ പൊലീസ് മുക്കം അരീക്കോട് റോഡരികിലെ സമരപന്തല്‍ നീക്കം ചെയ്തു. പ്രതിഷേധം വ്യാപിച്ചതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. വീടുകളിലും കടകളിലും കയറി പൊലീസ് മര്‍ദ്ദിച്ചതായി പരാതിയുണ്ട്.