മദ്യത്തിന് 50 രൂപ വരെ വില കൂടി

single-img
2 November 2017

ബിയര്‍, വൈന്‍, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം എന്നിവയുടെ വിലവര്‍ധന പ്രാബല്യത്തില്‍ വന്നു. 25 രൂപമുതല്‍ 50 രൂപ വരെയാണ് വര്‍ധന വന്നിരിക്കുന്നത്. 520 രൂപയായിരുന്ന ഹണീ ബീ ബ്രാന്‍ഡിക്ക് 550 രൂപയായപ്പോള്‍ ഒ.പി.ആര്‍ റമ്മിന് 420 ല്‍ നിന്നും 450 ആയി.

എണ്‍പതു രൂപയായിരുന്ന കിങ്ഫിഷര്‍ ബിയറിന് പത്തുരൂപ വര്‍ധിച്ച് തൊണ്ണൂറു രൂപയായി. സമാന രീതിയില്‍ മറ്റു ബ്രാന്‍ഡുകള്‍ക്കും വിലകൂടി. ഇതര സംസ്ഥാനങ്ങളിലെ വിലവര്‍ധനയ്ക്ക് ആനുപാതികമായി സംസ്ഥാനത്തും മദ്യത്തിന്റെ വിലവര്‍ധിപ്പിക്കണമെന്ന് ഏറെ നാളായി നിര്‍മാതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.

ആന്ധ്രാ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒന്‍പതു ശതമാനം വര്‍ധനവാണ് വരുത്തിയതെങ്കിലും സംസ്ഥാനത്ത് വര്‍ധന ഏഴു ശതമാനം മാത്രമാണെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ എം.ഡി. എച്ച്.വെങ്കിടേഷ് അറിയിച്ചു. സ്പിരിറ്റിന്റെ വില വര്‍ദ്ധന, ജീവനക്കാരുടെ ശമ്പളത്തിലും വിതരണത്തിലുമുണ്ടായ വര്‍ദ്ധന് എന്നിവ ചൂണ്ടികാട്ടിയാണ് കമ്പനികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത്.

ഔട്ട് ലെറ്റ് വഴി ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ജവാന്‍ ഉള്‍പ്പെടയുള്ള റമ്മുകളുടെ വില 20 രൂപ കൂടി. പുതിയ വില വര്‍ദ്ധനയിലൂടെ നികുതിയനത്തില്‍ 650 കോടി സര്‍ക്കാരിന് പ്രതിവര്‍ദ്ധം ബെവ്‌ക്കോയില്‍ നിന്നും ലഭിക്കും. കോര്‍പ്പറേഷന് 10 കോടി ലഭിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ബെവ്‌ക്കോ എംഡി എച്ച്.വെങ്കിടേഷ് പറഞ്ഞു.

ചൊവ്വാഴ്ച തന്നെ വിലവര്‍ധനവിനുള്ള നടപടിക്രമങ്ങള്‍ ബവ്‌കോ ആരംഭിച്ചിരുന്നു. മദ്യകുപ്പികളിലെ വിലയില്‍ മാറ്റം വരുത്തില്ല. എന്നാല്‍ ബില്ലില്‍ ഏഴുശതമാനം അധികം വില ഈടാക്കും. പുതിയ സ്റ്റോക്ക് വരുന്ന മുറയ്ക്ക് കുപ്പിയിലും പുതിയ വില രേഖപ്പെടുത്തും.