റോഡപകടങ്ങളില്‍പ്പെടുന്നവരുടെ ചികിത്സ; ആദ്യ 48 മണിക്കൂര്‍ പണം ആവശ്യപ്പെടരുതെന്ന് സര്‍ക്കാര്‍

single-img
2 November 2017

റോഡപകടങ്ങളില്‍പ്പെടുന്നവരോട് ആശുപത്രികള്‍ 48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണമൊന്നും ഈടാക്കാതെ തന്നെ ചികിത്സ ഉറപ്പാക്കുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ ട്രോമ കെയര്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് പെട്ടെന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ട്രോമ കെയര്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനിച്ചത്. 48 മണിക്കൂറിനകം നടത്തുന്ന അടിയന്തര ചികിത്സയ്ക്കുളള പണം സര്‍ക്കാര്‍ നല്‍കും.

ഈ തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍ഷൂറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയ ശേഷം ഇതിന്റെ വിശദരൂപം തയ്യാറാക്കും. യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കെടുത്തു.

അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം. സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുളള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് സര്‍ക്കാര്‍ വഹിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.