വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിനു സമീപം ഭീകരാക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു

single-img
1 November 2017

ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രികര്‍ക്കും ഇടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചു കയറ്റി. സംഭവത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശികസമയം വൈകിട്ടു 3.15ന് ആയിരുന്നു സംഭവം.

വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിനു സമീപമുണ്ടായത് ഭീകരാക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ പതാകയും ലേഖനങ്ങളും ട്രക്കില്‍ നിന്നും പൊലീസ് കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തില്‍നിന്നു പുറത്തിറങ്ങിയ അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തിയ ശേഷം കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു.

29 കാരനായ സെയ്ഫുള്ള സയ്‌പോവ് എന്ന ഉസ്ബക്കിസ്ഥാന്‍ കുടിയേറ്റക്കാരനാണ് ആക്രമണം നടത്തിയത്. 2010ലാണ് ഇയാള്‍ യുഎസില്‍ എത്തിയത്. ഫ്‌ലോറിഡയിലെ ഡ്രൈവര്‍ ലൈസന്‍സുള്ള സയ്‌പോവ് ന്യൂ ജഴ്‌സിയിലായിരുന്നു താമസം. ട്രക്ക് കമ്പനി സ്വന്തമായുള്ള ഇയാള്‍ ടാക്‌സി ഡ്രൈവറായും ജോലി നോക്കിയിരുന്നു.

ഇയാളുടെ കയ്യില്‍നിന്നു രണ്ടു തോക്കുകള്‍ കണ്ടെടുത്തു. സംഭവത്തേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ഥലത്തിന്റെ നിയന്ത്രണം പൂര്‍ണമായും പോലീസ് ഏറ്റെടുത്തു. ഇവിടെ ഒരു തരത്തിലുള്ള ഭീഷണിയും നിലനില്‍ക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് മേയറുടെ ഓഫീസ് അറിയിച്ചു.

നടന്നത് ഭീകരാക്രമണം ആണെന്നു മേയര്‍ ബില്‍ ഡെ ബ്ലാസിയോ സ്ഥിരീകരിച്ചു. അമേരിക്കയില്‍ ഐഎസിന്റെ വേരുകള്‍ അറുത്തുമാറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ഐഎസിനെ യുഎസ് മണ്ണില്‍ നിന്നും തുടച്ചു നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ അടക്കം ലോകത്തെ മുഖ്യ നഗരങ്ങളിലെല്ലാം അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനത്തില്‍ എത്തി സമാന ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ അടുത്തകാലത്തായി ഐഎസ് ഭീകരര്‍ വാഹനങ്ങള്‍ കയറ്റി ആക്രമണങ്ങള്‍ നടത്തിയിരുന്നു.