കൈവിലങ്ങിന്റെ താക്കോല്‍ പ്രതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍; തിരുവനന്തപുരത്ത് റിമാന്‍ഡ് പ്രതി കുടുങ്ങിയത് ഇങ്ങനെ

single-img
1 November 2017

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന വാഹനമോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കൈവിലങ്ങിന്റെ താക്കോല്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി പരമശിവത്തിന്റെ അടിവസ്ത്രത്തില്‍ നിന്നുമാണ് താക്കോല്‍ കണ്ടെത്തിയത്.

കാറുകള്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ തിരുവനന്തപുരം സിറ്റി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലില്‍ ദേഹപരിശോധനയ്ക്കിടെ അസി.പ്രിസണ്‍ ഓഫീസര്‍ ജി.എസ് ഗോപകുമാറാണ് താക്കോല്‍ കണ്ടെത്തിയത്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയെന്ന ഉദ്ദേശത്തോടെ കരസ്ഥമാക്കിയതാണ് ഇതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കഴക്കൂട്ടത്ത് നിന്ന് മാരുതി സ്വിഫ്റ്റ് കാര്‍ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിനായി ആറ്റിങ്ങല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവനുസരിച്ച് കഴിഞ്ഞ മാസം 24ന് ഇയാളെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

വാഹനമോഷണക്കേസ് അന്വേഷണവുമായി തമിഴ്‌നാട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയശേഷം ഇക്കഴിഞ്ഞ 30നാണ് പരമശിവത്തിനെയും കൂട്ടാളി മുബാറക്കിനെയും നെയ്യാറ്റിന്‍കര ജയിലില്‍ തിരികെയെത്തിച്ചത്. തുടര്‍ന്ന് ഇവരുടെ ദേഹ പരിശോധന നടത്തിയശേഷം വസ്ത്രങ്ങള്‍ പരിശോധിക്കുമ്പോഴാണ് അടിവസ്ത്രത്തില്‍ നിന്ന് കൈവിലങ്ങിന്റെ താക്കോല്‍ കണ്ടെത്തിയത്.

തുണികള്‍ക്കുള്ളില്‍ ആയുധങ്ങളോ മറ്റെന്തെങ്കിലും ലോഹങ്ങളോ ഒളിപ്പിച്ച് കടത്തുന്നുണ്ടോയെന്നറിയാന്‍ ഇവ നിലത്തെറിഞ്ഞ് പരിശോധിക്കാറുണ്ട്. ഇത്തരത്തില്‍ അടിവസ്ത്രം നിലത്തിട്ടപ്പോള്‍ ഇരുമ്പ് സാധനം താഴെ വീഴുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇതിനുള്ളില്‍ താക്കോല്‍ പൊതിഞ്ഞിരിക്കുന്നത് കണ്ടത്.

താക്കോല്‍ കൈവിലങ്ങിന്റെതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജയിലിലെ കൈവിലങ്ങില്‍ ഇതുപയോഗിച്ച് സ്ഥിരീകരിച്ചു. സംഭവത്തെപ്പറ്റി നെയ്യാറ്റിന്‍കര സബ് ജയില്‍ സൂപ്രണ്ട് ജയില്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. താക്കോല്‍ എവിടെ നിന്ന് ലഭിച്ചെന്നത് സംബന്ധിച്ചും സുരക്ഷാപിഴവിനെപ്പറ്റിയും അന്വേഷണം നടത്തും. അസി.പ്രിസണ്‍ ഓഫീസര്‍ക്ക് ഗുഡ്‌സ് സര്‍വ്വീസ് എന്‍ട്രി നല്‍കണമെന്നും ശുപാര്‍ശചെയ്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.