ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി. പി ഉദയഭാനു അറസ്റ്റില്‍

single-img
1 November 2017

ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി. പി ഉദയഭാനു പിടിയില്‍. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃപ്പൂണിത്തറയിലെ സഹോദരന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഉദയഭാനു കീഴടങ്ങിയതാണെന്നും കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഭാര്യ വ്യക്തമാക്കി.

കേസില്‍ ഏഴാം പ്രതിയായ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഉദയഭാനുവിന്റെ ആവശ്യവും കോടതി നിരസിച്ചിരുന്നു. സി.പി. ഉദയഭാനുവിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് ആവശ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ചാലക്കുടി പരിയാരം തവളപ്പാറയില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 29-നാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉദയഭാനുവിന്റെ ഭൂമിയിടപാടുകളില്‍ രാജീവും ഭാഗമായിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാജീവിനെ ഉദയഭാനു ക്വട്ടേഷന്‍ നല്‍കി വധിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.