ശവക്കുഴി സമരത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ മുട്ടുകുത്തിച്ച് കര്‍ഷകര്‍

single-img
1 November 2017

ജയ്പൂര്‍: ഭൂമി ഏറ്റെടുക്കലിനെതിരെ രാജസ്ഥാനിലെ നിന്ദറില്‍ കര്‍ഷകര്‍ നടത്തിവന്ന ശവക്കുഴി സമരം വിജയിച്ചു. ജയ്പൂര്‍ വികസന അതോറിറ്റി പാര്‍പ്പിട പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമി റീസര്‍വ്വെ ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഒരുമാസത്തോളം നീണ്ടുനിന്ന സമരം വിജയിച്ചത്.

രാജസ്ഥാന്‍ നഗര വികസന മന്ത്രി ശ്രീചന്ദ് കൃപാനിയുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം. ഭൂമി ഏറ്റെടുക്കലിനെതിരെ ദീപാവലി ദിനത്തില്‍ ശവക്കുഴിയുണ്ടാക്കി അതിലിരുന്നുകൊണ്ടായിരുന്നു കര്‍ഷക കൂട്ടായ്മയായ നിന്ദര്‍ ബച്ചാവോ യുവ കിസാന്‍ സംഘര്‍ഷ് സമിതി സമരം ചെയ്തത്.

2010 ല്‍ ജയ്പൂര്‍ വികസന അതോറിറ്റി പാര്‍പ്പിട പദ്ധതിക്കായി കുറഞ്ഞ വിലയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അന്യായമായ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെയ്ക്കുക, റീസര്‍വ്വെ നടപടികള്‍ ആരംഭിക്കുക, ഭൂമിക്ക് അര്‍ഹമായ വില നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്ത്രീകളുള്‍പ്പെട 800 ഓളം വരുന്ന കര്‍ഷകരാണ് നിരാഹര സമരമുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിഷേധം കണക്കിലെടുക്കാതെ വികസന അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് കര്‍ഷകര്‍ ശവക്കുഴികളില്‍ ഇറങ്ങിയത്. രാവും പകലും ഈ കുഴികളില്‍ കര്‍ഷകര്‍ കഴിഞ്ഞു. ദീപാവലി അടക്കമുള്ള ആഘോഷങ്ങളും കര്‍ഷകര്‍ ഈ കുഴികളിലാണ് നടത്തിയത്.

ഒരുമാസത്തോളം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവില്‍ ഇന്നലെയാണ് സമരം അവസാനിച്ചത്. രാജസ്ഥാന്‍ സര്‍ക്കാരും സമരസമിതി പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഭൂമി റീസര്‍വ്വെ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സമ്മതിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.