മൂന്ന് വര്‍ഷമായല്ലോ; സ്വിസ് ബാങ്ക് അക്കൗണ്ടുള്ള ആരൊക്കെ ജയിലിലായി?: മോദിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി

single-img
1 November 2017

ഗാന്ധിനഗര്‍: അധികാരത്തിലെത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള എത്ര പേരെ ജയിലിലാക്കാന്‍ ബി ജെ പി സര്‍ക്കാരിന് കഴിഞ്ഞെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ചൂടു പിടുപ്പിച്ച് ബറൂച്ചില്‍ നടത്തിയ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

‘മോദി ജയിലില്‍ അടച്ച ഒരാളുടെയെങ്കിലും പേരു പറയൂ. വിജയ് മല്യ പുറത്താണുള്ളത്. ഇംഗ്ലണ്ടില്‍ ആഘോഷിക്കുകയാണ് മല്ല്യയെന്ന് രാഹുല്‍ പറഞ്ഞു. ഗുജറാത്തിലെ തിരഞ്ഞെടുപ്പു ദിവസം ബിജെപിക്ക് ഷോക്കടിക്കുമെന്നും രാഹുല്‍ പറഞ്ഞു.

എല്ലാപണവും കള്ളപ്പണമല്ലെന്ന് മോദിക്ക് അറിയില്ലെന്നും ഒളിപ്പിച്ചു വെച്ചിരിക്കുന്നതാണ് കള്ളപ്പണമെന്നും സ്വിസ്ബാങ്ക് അക്കൗണ്ടിനെക്കുറിച്ചും കള്ളപ്പണത്തെക്കുറിച്ചും വാതോരാതെ സംസാരിച്ച മോദിക്ക് ഇപ്പോള്‍ എന്തു പറയാനുണ്ടെന്നും രാഹുല്‍ ചോദിച്ചു.

ഗുജറാത്തില്‍ നാനോ കാര്‍ ഫാക്ടറി ആരംഭിക്കാന്‍ അവസരം ഒരുക്കിയ മോദിയുടെ നീക്കത്തെയും രാഹുല്‍ വിമര്‍ശിച്ചു. റോഡുകളില്‍ എവിടെയെങ്കിലും നാനോ കാര്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു. നാനോ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ടാറ്റയ്ക്ക് ബാങ്ക് ലോണ്‍ ആയി നല്‍കിയ 33000 കോടിരൂപയുണ്ടായിരുന്നെങ്കില്‍ ഗുജറാത്തിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ സാധിക്കുമായിരുന്നു.

ഗുജറാത്തിലെ 90 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍വ്യവസായികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് അവിടെ പഠിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.