പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: 20 ലക്ഷം രൂപയുടെ വായ്പ്പാ പദ്ധതിയൊരുക്കി സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍

single-img
1 November 2017

തിരുവനന്തപുരം: പ്രവാസികള്‍ക്കായി വായ്പ്പാ പദ്ധതിയൊരുക്കി സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍. നോര്‍ക്കാ റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം റീടേണ്‍ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇത് പ്രകാരം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

തൊഴില്‍ നഷ്ടമായി നാട്ടിലെത്തുന്ന ഒബിസി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍ 18നും 65നു മദ്ധ്യേ പ്രായമുള്ളവര്‍ക്കും പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവരുമായ സംരംഭകര്‍ക്കാണ് വായ്പ അനുവദിക്കുന്നത്. ഡയറിഫാം, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ് വെയര്‍ ഷോപ്പ്, റസ്റ്റോറന്റ്, സ്റ്റേഷനറി സ്റ്റോര്‍ തുടങ്ങി 20 ലധികം സംരംഭങ്ങള്‍ ഇതിലൂടെ തുടങ്ങാനാകും.

ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1,20,000 രൂപ വരെയും വാര്‍ഷിക വരുമാനമുള്ള ഒബിസി വിഭാഗക്കാര്‍ക്ക് 5ലക്ഷം രൂപവരെ 6 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. ഇതേ വരുമാനപരിധിയില്‍ വരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കിലും വായ്പ നല്‍കും.

പദ്ധതിപ്രകാരം വായ്പ ലഭ്യമാകുന്നതിന് പ്രവാസികള്‍ നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ രജിസ്ട്രര്‍ ചെയ്യുന്നവരില്‍ നിന്നും നോര്‍ക്ക റൂട്‌സ് ശുപാര്‍ശ ചെയ്യുന്ന അപേക്ഷകര്‍ക്കാണ് കോര്‍പ്പറേഷന്‍, പദ്ധതി നിബന്ധനകള്‍ക്ക് വിധേയമായി വായ്പ ലഭ്യമാക്കുന്നത്.