ചെന്നിത്തലയുടെ ‘പടയൊരുക്കം’ ഇന്ന് കാസര്‍കോഡ് നിന്ന് തുടങ്ങും

single-img
1 November 2017


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. പടയൊരുക്കമെന്ന് പേരിട്ടിരിക്കുന്ന യാത്ര കാസർകോട് ഉപ്പളയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.

കേന്ദ്ര മന്ത്രിമാരെയും ദേശീയ നേതാക്കളെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിച്ച് ബിജെപി നടത്തിയ ജനരക്ഷാ യാത്രയുടെ മാതൃകയിലാണ് യുഡിഎഫിന്റെ പടയൊരുക്കം. നിരവധി കേന്ദ്രനേതാക്കളും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമാണ് വിവിധ സ്ഥലങ്ങളില്‍ പടയൊരുക്കത്തിനായി എത്തുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ നടത്തുന്ന ജനകീയ ഒപ്പ് ശേഖരണമാണ് പടയൊരുക്കത്തിന്റെ പ്രത്യേകത. പടയൊരുക്കത്തിന്റെ ഭാഗമായി ഒരു കോടി ജനങ്ങളുടെ ഒപ്പ് ശേഖരിക്കും. പടയൊരുക്കത്തിന്റെ ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും കാസര്‍കോട് പൂര്‍ത്തിയായി. വൈകീട്ട് 4ന് കാസര്‍കോട് ഉപ്പളിയില്‍ തുടക്കമാവുന്ന പടയൊരുക്കം ഡിസംബർ ഒന്നിന് എ.ഐ.സി.സി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയോടെ ശംഖുമുഖം കടപ്പുറത്ത് സമാപിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള യു.ഡി.എഫിന്റെ കളമൊരുക്കം കൂടി ഈ യാത്രയുടെ ലക്ഷ്യമാണ്.