ഗെയില്‍ പൈപ്പ്‌ലൈന്‍ സമരം: മുക്കത്ത് സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം; കണ്ണീര്‍ വാതകം പ്രയോഗിച്ചു; നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

single-img
1 November 2017

ഗെയില്‍ പൈപ്പ്‌ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടന്ന പ്രതിഷേധത്തിനിടെ പൊലീസും പൈപ്പ്‌ലൈന്‍ വിരുദ്ധ സമിതിയും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം എറിഞ്ഞുതകര്‍ത്തു. ഇതേത്തുടര്‍ന്നു പൊലീസ് ലാത്തി വീശി. സമരപ്പന്തല്‍ പൊളിച്ചുനീക്കിയ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഒരു മാസത്തോളമായി ഇവിടുത്തെ ജോലികള്‍ നിര്‍ത്തി വച്ചിരുന്നു. ജോലികള്‍ പുനരാരംഭിക്കുന്നതിനായി ഇന്ന് രാവിലെ വന്‍ പൊലീസ് സാന്നിദ്ധ്യത്തില്‍ ഗെയില്‍ അധികൃതര്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്. ഗെയിലിന്റെ വാഹനത്തിന് നേരെ സമരക്കാര്‍ക്കിടയില്‍ നിന്ന് കല്ലേറുണ്ടായതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.

തുടര്‍ന്ന് പൊലീസ് ലാത്തിവീശി സമരക്കാരെ ഓടിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജിനെത്തുടര്‍ന്നു മുക്കത്തുനിന്ന് ഒഴിഞ്ഞുപോയ സമരക്കാര്‍ വലിയപറമ്പിലും പ്രതിഷേധം നടത്തി. ഇവിടെയും പൊലീസ് എത്തിയതിനെത്തുര്‍ന്ന് ഒരു വിഭാഗം സമരക്കാര്‍ കല്ലായില്‍ റോഡ് തടഞ്ഞും പ്രതിഷേധിച്ചു.

ഇവിടെ റോഡില്‍ ടയര്‍ കൂട്ടിയിട്ടു കത്തിച്ചു വഴി തടസ്സപ്പെടുത്തി. കെഎസ്ആര്‍ടിസി ബസുകളും തടഞ്ഞു. അതേസമയം, ജെ.സി.ബിയും ജനറേറ്ററുമുള്‍പ്പടെയുള്ളവ പൊലീസ് നശിപ്പിച്ചതായി ആരോപണമുണ്ട്. നാട്ടുകാരോട് പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞുപോകാത്തതിനാലാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. 60ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കാരശ്ശേരി, കൊടിയത്തൂര്‍, കീഴുപറമ്പ് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.