തീവ്രവാദികള്‍ക്കും അഴിമതിക്കാര്‍ക്കും കുടപിടിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍

single-img
1 November 2017

തീവ്രവാദികള്‍ക്കും അഴിമതിക്കാര്‍ക്കും കുടപിടിക്കുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രണ്ടു പരസ്യ വെല്ലുവിളികള്‍ കേട്ടാണ് കേരളം അറുപത്തിയൊന്നാം പിറന്നാള്‍ ദിനം ആചരിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവും സര്‍ക്കാര്‍ ഭൂമി ഇനിയും കയ്യേറുമെന്ന് മന്ത്രിയും പറയുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്നും കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. കേരളപ്പിറവിയോടനുബന്ധിച്ച് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് കുമ്മനത്തിന്റെ വിമര്‍ശനം.

അറുപത് വര്‍ഷത്തെ ഇടത് വലത് ഭരണത്തിന് ശേഷം കേരളം എവിടെയെത്തി നില്‍ക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ രണ്ട് വെല്ലുവിളികളും. സാമൂഹ്യ വിരുദ്ധര്‍ക്കും നിയമലംഘകര്‍ക്കും ആരെ വേണമെങ്കിലും വെല്ലുവിളിക്കാം.

എന്നാല്‍ ആ വെല്ലുവിളികളോട് ഭരണാധികാരികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. മലയാളികളുടെ ദൗര്‍ഭാഗ്യം എന്ന് പറയട്ടെ ഈ രണ്ട് വെല്ലുവിളികളോടും മൗനം പാലിക്കുകയാണ് കേരളത്തിലെ ഭരണാധികാരികളെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.