കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ പോണ്‍സൈറ്റിലിട്ടു; പ്ലസ്ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്; വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

single-img
1 November 2017

കൊല്ലം കുഴിമതിക്കാടുള്ള സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂളില്‍ നിന്നും സുഹൃത്ത് പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്. പോണ്‍ സൈറ്റുകളില്‍ ഉള്‍പ്പെടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതാണ് പെണ്‍കുട്ടിയുടെ കുടുംബം. വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ അപമാനഭാരം മൂലം പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. പെണ്‍കുട്ടിയും സഹോദരിയും സ്‌കൂളില്‍ പോകാന്‍ തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.

സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ നിയമപ്രകാരം പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥി നിലവില്‍ ഒളിവിലാണ്. അതേസമയം സംഭവം അറിയിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചതെന്ന് മാതാപിതാക്കളുടെ പരാതിയിലുണ്ട്.

ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചിട്ടും വിദ്യാര്‍ത്ഥിയെ വിലക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ളവരും വീഡിയോ പ്രചരിപ്പിക്കുന്നതായാണ് വിവരം. അവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറയുന്നു.