കണ്ണൂരില്‍ അമ്മായിയമ്മയെ ഏണിപ്പടിയില്‍ നിന്നും തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു

single-img
1 November 2017

പയ്യന്നൂര്‍: അമ്മായിയമ്മയെ ഏണിപ്പടിയില്‍ നിന്നും തള്ളിയിട്ട ശേഷം കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. രാമന്തളി പരത്തിക്കാട്ടെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ചെറുകിണിയന്‍ മീനാക്ഷിയെ (63) കൊല്ലാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ മരുമകള്‍ സുചിത്രയെ(30) പയ്യന്നൂര്‍ സിഐ എംപി ആസാദാണ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മീനാക്ഷി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. സുചിത്ര മീനാക്ഷിയെ വീടിന്റെ ഏണിപ്പടിയുടെ മുകളില്‍ നിന്നും തള്ളിയിട്ടുവെന്നാണ് പരാതി.

സാരമായി പരിക്കേറ്റ ഇവരുടെ വായില്‍ തുണിതിരുകിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മകന്‍ രവീന്ദ്രനാഥിന്റെ ഒപ്പമായിരുന്നു മീനാക്ഷി താമസിച്ചു വന്നിരുന്നത്. ഇയാളുടെ ഭാര്യയാണ് സുചിത്ര.

മറ്റു മക്കള്‍ക്കൊപ്പം ഇവര്‍ താമസിക്കാത്തതാണ് 63 കാരിയെ കൊല്ലാന്‍ ശ്രമിച്ചത് എന്നാണ് പോലീസ് ഭാഷ്യം. നാല് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. നേരത്തേയും ഇത്തരത്തില്‍ ആക്രമണമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.