ജിന്ന് ബാധിച്ചെന്ന് പറഞ്ഞ് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു; വടകരയില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

single-img
1 November 2017

കോഴിക്കോട്: വടകരയില്‍ മന്ത്രവാദത്തിന്റെ മറവില്‍ സഹോദരിമാരെ പീഡിപ്പിച്ചതിനു വ്യാജ സിദ്ധനെ പോലീസ് പിടികൂടി. വേളം ചേരാപുരം പൂളക്കൂലിലെ മരുതോളി താമസിക്കുന്ന ചോയ്യാക്കണ്ടി മുഹമ്മദിനെയാണ് (47) പോലീസ് അറസ്റ്റ് ചെയ്തത്.
രോഗം മാറ്റിത്തരാമെന്നും ശരീരത്തില്‍ കടന്നു കൂടിയ ജിന്നിനെ ഒഴിപ്പിച്ചു താരാമെന്നും വാഗ്ദാനം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സഹോദരിമാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇതേ തുടര്‍ന്ന് പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് സിദ്ധനെതിരെ കേസെടുത്തിരിക്കുന്നത്. രോഗം മാറ്റാമെന്ന് ഉറപ്പു നല്‍കി തങ്ങളുടെ പക്കല്‍ നിന്നു പണം തട്ടിയെടുത്തെന്ന് തിരുവെള്ളൂര്‍ സ്വദേശികള്‍ നല്‍കിയ പരാതിയില്‍ ഒരാഴ്ച മുമ്പ് മുഹമ്മദിനെതിരെ കേസെടുത്തിരുന്നു.

ഈ വാര്‍ത്ത പുറത്തുവന്നതോടെയാണ് തങ്ങള്‍ക്ക് മോശം അനുഭവമുണ്ടായെന്ന് പെണ്‍കുട്ടികള്‍ രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ വടകര പോലീസില്‍ പരാതിപ്പെടുകയായിരുന്നു. മൂത്ത മകള്‍ക്ക് അസുഖമായതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ചികില്‍സ തേടി മുഹമ്മദിനെ സമീപിക്കുന്നത്.

മകളുടെ ശരീരത്തില്‍ ജിന്ന് കൂടിയിട്ടുണ്ടെന്നും ഒഴിപ്പിച്ചു തരാമെന്നുമാണ് ഇയാള്‍ രക്ഷിതാക്കളോട് പറഞ്ഞത്. അനുജത്തിയുടെ ശരീരത്തിലാണ് ശക്തിയുള്ള ജിന്നുള്ളതെന്നും അവളെയും ചികിത്സിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിളെ പല പ്രാവശ്യമായി ചികിത്സിച്ചു.

ഈ അവസരങ്ങളിലെല്ലാം പീഡനം നടന്നതായി പൊലീസ് പറയുന്നു. വിവരം പുറത്ത് അറിയിച്ചാല്‍ കുടുംബത്തെ മൊത്തം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കുട്ടികള്‍ സംഭവിച്ചതൊന്നും പുറത്തുപറഞ്ഞില്ല.

അതേസമയം വൃക്കരോഗം ബാധിച്ച തിരുവള്ളൂര്‍ സ്വദേശിയില്‍നിന്ന് ചികിത്സയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിലും ഇയാള്‍ക്കെതിരെ വടകര പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.