വീട്ടുകാര്‍ വഴക്കു പറഞ്ഞു: ഏഴുവയസുകാരി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിമാനത്തില്‍ കയറി

single-img
1 November 2017

ജനീവ: വീട്ടുകാരോട് പിണങ്ങിയാല്‍ അല്‍പനേരം ഒളിച്ചിരിക്കുകയും മിണ്ടാതിരിക്കുകയും ഒക്കെ ചെയ്യുന്ന കുട്ടികളെയാണ് മലയാളികള്‍ക്ക് പരിചയം. എന്നാല്‍ ജനീവക്കാരിയായ ഏഴുവയസുകാരി ചെയ്തത് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. വീട്ടുകാരോട് പിണങ്ങിയ കുട്ടി വിമാനത്തിലാണ് കയറിയത്.

ഞായറാഴ്ചയാണ് സംഭവം. ഒരു കത്തെഴുത്തിവെച്ചു വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ പെണ്‍കുട്ടി റെയില്‍വേസ്‌റ്റേഷനില്‍ ചെന്ന് ജനീവ എയര്‍പോര്‍ട്ടിലേക്ക് ട്രെയിന്‍ കയറി. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിമാനവും കയറി.

കുട്ടിയുടെ വീട്ടുകാര്‍ സ്വിസ് പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്നെങ്കിലും റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ എയര്‍പോര്‍ട്ടിലെത്തിയ പെണ്‍കുട്ടിയെ ആദ്യം സെക്യൂരിറ്റിക്കാരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്നവരോടൊപ്പം കുട്ടി ആള്‍ക്കൂട്ടത്തിനുള്ളില്‍ മറയുകയായിരുന്നു. തുടര്‍ന്ന് ടിക്കറ്റില്ലാതെ വിമാനത്തില്‍ കയറുകയും ചെയ്തു.

വിമാനത്തിനുള്ളില്‍ മറ്റൊരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെട്ട പെണ്‍കുട്ടിയെ വിമാനത്താവളം അധികൃതര്‍ പൊലീസിന് കൈമാറുകയായിരുന്നു. എവിടേക്ക് പോകാനുള്ളതായിരുന്നു വിമാനം എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സംഭവം സുരക്ഷാ വീഴ്ചയാണെന്നും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.