നടന്‍ ദിലീപിന്റെ ജയില്‍വാസം: ഗുരുതര ചട്ടലംഘനം നടന്നുവെന്ന് ജയില്‍ രേഖകള്‍

single-img
1 November 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്ന് ജയില്‍ രേഖകള്‍. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നടന്‍ സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടന്‍ ജയറാമില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി കൈമാറാന്‍ അനുമതി നല്‍കിയതെന്നും ഒരു ദിവസം മാത്രം 13 പേര്‍ക്ക് വരെ സന്ദര്‍ശനം അനുവദിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

അവധി ദിവസങ്ങളില്‍ പോലും സന്ദര്‍ശനം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നാണ് ജയില്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. നടനും എംഎല്‍എയുമായ കെ.ബി ഗണേഷ്‌കുമാര്‍ ജയിലില്‍ എത്തിയതും കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്.

ജയില്‍ ഡിജിപിയുടെ ശുപാര്‍ശ പ്രകാരം ജയില്‍ സുപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയത്. ദിലീപിനെക്കാണാന്‍ സിനിമാ മേഖലയിലുള്ളവര്‍ നിരന്തരം ജയിലിലെത്തുന്നത് കേസ് അട്ടിമറിക്കാനാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.

ദിലീപിന്റെ ഔദാര്യം പറ്റിയവരെല്ലാം അദ്ദേഹത്തിന്റെ കൂടെ നില്‍ക്കണമെന്ന് ഗണേശ് കുമാര്‍ പറഞ്ഞതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.