മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി മുറിയില്‍ വിളിച്ചുവരുത്തി ശാസിച്ചു

single-img
1 November 2017

ജനജാഗ്രതായാത്രയിലെ വെല്ലുവിളി പ്രസംഗത്തിന്റെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം മുറിയില്‍ വിളിച്ചുവരുത്തിയായിരുന്നു ശാസന. സര്‍ക്കാരിന്റെ ജാഥ നടക്കുന്ന സമയത്ത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത് ഉചിതമായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തോമസ് ചാണ്ടിയുടെ പ്രസംഗം ജാഥയുടെ നിറംകെടുത്തി. തോമസ് ചാണ്ടിക്കെതിരെ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആ സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചത് ശരിയായില്ല. ഇത്തരം പ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. അതിനിടെ തോമസ് ചാണ്ടി മറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജനജാഗ്രതായാത്രയ്ക്ക് കുട്ടനാട്ടില്‍ വെച്ച് നല്‍കിയ സ്വീകരണത്തിലായിരുന്നു തോമസ് ചാണ്ടി വെല്ലുവിളിയുടെ സ്വരത്തില്‍ സംസാരിച്ചത്.

ഇക്കാര്യത്തിലുള്ള അതൃപ്തി ജാഥാക്യാപ്റ്റനായ കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള നടപടി. അതേസമയം, തോമസ് ചാണ്ടിയുടെ നടപടിയില്‍ സിപിഎമ്മും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനും പാര്‍ട്ടി തീരുമാനിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

കയ്യേറ്റം തെളിയിക്കാന്‍ വെല്ലുവിളി മുഴക്കിയ തോമസ് ചാണ്ടിയും കാനവും ഇന്നലെ മുതല്‍ക്കേ പരോക്ഷ ഏറ്റുമുട്ടല്‍ തുടങ്ങിയിരുന്നു. മാര്‍ത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്നു മന്ത്രി തോമസ് ചാണ്ടി ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലെ പ്രസംഗത്തില്‍, കയ്യേറ്റം തെളിയിക്കാന്‍ വെല്ലുവിളി മുഴക്കിയ ശേഷമായിരുന്നു ഇത്. യാത്ര വെല്ലുവിളികള്‍ക്കുള്ള വേദിയല്ലെന്നു പ്രസംഗത്തില്‍ സൂചിപ്പിച്ച സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ അതൃപ്തി തുടര്‍ന്നും പ്രകടിപ്പിച്ചു. ഇത്തരം വേദിയിലെ വെല്ലുവിളിയുടെ ഔചിത്യം തോമസ് ചാണ്ടി തീരുമാനിക്കുമെന്നും അതിന്റെ ഉത്തരവാദിത്തം തനിക്കില്ലെന്നും കാനം പിന്നീടു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.