‘ആക്ഷന്‍ ഹീറോ ബിജു കളിച്ച’ താനൂര്‍ സിഐയുടെ നടപടി വിവാദത്തില്‍: കസ്റ്റഡിയിലെടുത്ത യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിച്ചു; വീഡിയോ പുറത്ത്

single-img
1 November 2017

താനൂര്‍: പ്രതികള്‍ക്ക് വേറിട്ട ശിക്ഷ നല്‍കിയ താനൂര്‍ പോലീസ് വിവാദത്തില്‍. പൂവാല ശല്യത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ സ്റ്റേഷനില്‍ വെച്ച് അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിച്ചതാണ് വിവാദമാകുന്നത്. മലപ്പുറം ജില്ലയിലെ താനൂര്‍ സിഐ സ്റ്റേഷനിലാണ് സംഭവം.

പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച ഇവരെ അടിവസ്ത്രം മാത്രം ധരിച്ച് നിര്‍ത്തുകയും പാട്ട് പാടിക്കുകയുമായിരുന്നു. താനൂര്‍ സിഐ സി.അലവിയുടെ നേതൃത്വത്തിലാണ് പ്രതികളെ അടിവസ്ത്രമിടുവിച്ച് പാട്ടു പാടിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം.

സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം പ്രചരിച്ച വീഡിയോ ആരാണ് പുറത്തു വിട്ടതെന്ന് വ്യക്തമല്ല. മൂന്ന് പ്രതികള്‍ വട്ടത്തില്‍ നിന്ന് കൈകൊട്ടി പാടുകയും പരസ്പരം കൈ കൊട്ടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, എന്നാണ് സംഭവം നടന്നതെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

പോലീസ് സ്റ്റേഷന്റെ അകത്തുനിന്ന് തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പോലീസുകാര്‍ പ്രചരിപ്പിച്ചതാവാമെന്ന സംശയവും ഉയരുന്നുണ്ട്. മുമ്പ് പരപ്പനങ്ങാടി സ്റ്റേഷനിലെ പ്രതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികളോട് പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് പോലീസിന് കൃത്യമായ മാര്‍ഗ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രാകൃത ശിക്ഷാ രീതി തുടരുന്നത്.

കസ്റ്റഡിയിലെടുത്ത യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപ…

'ആക്ഷന്‍ ഹീറോ ബിജു' കളിച്ച് താനൂര്‍ സിഐ;കസ്റ്റഡിയിലെടുത്ത യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിച്ചു

Posted by People News on Wednesday, November 1, 2017