പടയൊരുക്കം യാത്രയില്‍ നിന്ന് കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് വി.ഡി. സതീശന്‍

single-img
31 October 2017

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയില്‍ നിന്ന് കളങ്കിതരേയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും മാറ്റി നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ.

ഇവരില്‍ നിന്നും സംഭാവന സ്വീകരിക്കരുതെന്ന് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സ്വീകരണ വേദിയിലും ഇവരെ വിലക്കുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പടയൊരുക്കം യാത്രയെ തകര്‍ക്കാനുള്ള ഗൂഢ നീക്കം ചില ഭാഗങ്ങളില്‍ നിന്ന് നടക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ യാത്രയില്‍ ഉടനീളം ജാഗ്രത പാലിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് ലിസ്റ്റ് തയ്യാറാക്കാന്‍ ആരുടേയും പ്രായം ചോദിച്ചിട്ടില്ല. ഗ്രൂപ്പ് എന്നത് ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും സതീശന്‍ പറഞ്ഞു.

നാളെ കാസര്‍കോട്ട് നിന്നാണ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര പുറപ്പെടുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പടയൊരുക്കം ഉദ്ഘാടം ചെയ്യും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് യുഡിഎഫിന്റെ പടയൊരുക്കം.