സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി യുഡിഎഫ് നേതാക്കള്‍ക്കും അടുത്തബന്ധം: ചിത്രങ്ങള്‍ പുറത്ത്

single-img
31 October 2017

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബുല്ലൈസുമായി യുഡിഎഫ് നേതാക്കള്‍ക്ക് അടുത്തബന്ധം. അബുല്ലൈസ് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു. നേരത്തേ, അബുല്ലൈസിനൊപ്പം ഇടതു എംഎല്‍എമാര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതു വിവാദമായിരുന്നു.

കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ ടി. സിദ്ധീഖ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ചാണ് ചിത്രം എടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദുബായില്‍ പോയപ്പോള്‍ നിരവധി പേര്‍ തനിക്കൊപ്പം ചിത്രമെടുത്തിട്ടുണ്ടെന്നാണ് ടി.സിദ്ദിഖ് സംഭവത്തോട് പ്രതികരിച്ചത്. അബുല്ലൈസിനെ വ്യക്തിപരമായി അറിയില്ല. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും സിദ്ദിഖ് പറഞ്ഞു.

അബുല്ലൈസുമായി ബന്ധമില്ലെന്ന് പി.കെ ഫിറോസും പറഞ്ഞു. ചിത്രത്തിന്റെ ആധികാരികത പരിശോധിക്കണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ആരോപണം തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഫിറോസ് മാധ്യമങ്ങളെ അറിയിച്ചു.

അതിനിടെ, അബുല്ലൈസ് കാഠ്മണ്ഡു വഴി പലതവണ കേരളത്തില്‍ വന്നിരുന്നതായി റവന്യു ഇന്റലിജന്‍സിനു വിവരം ലഭിച്ചു. ഇതിനു പൊലീസിന്റെ ഒത്താശയുണ്ടായിരുന്നതായും സൂചനയുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് ഉത്തര്‍ പ്രദേശിലൂടെ കേരളത്തിലെത്തിയിരുന്ന അബ്ദുല്ലൈസിനെ ഒരിക്കല്‍ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍, തന്റെ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ കടന്നു കളഞ്ഞെന്നാണു റവന്യു ഇന്റലിജന്‍സിനു ലഭിക്കുന്ന വിവരം.