പൊതുവേദിയില്‍ പൊലീസിനെ വെല്ലുവിളിച്ച് മന്ത്രി തോമസ് ചാണ്ടി: ‘തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ കഴിയില്ല’

single-img
31 October 2017

കായല്‍ കയ്യേറ്റ ആരോപണത്തില്‍ വെല്ലുവിളിയുമായി മന്ത്രി തോമസ് ചാണ്ടി. തനിക്കെതിരെ ചെറുവിരലനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും തന്റെ വെല്ലുവിളി ഇതുവരെ പ്രതിപക്ഷം ഏറ്റെടുത്തിട്ടില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയുടെ ആലപ്പുഴയിലെ സ്വീകരണ യോഗത്തില്‍ വച്ചായിരുന്നു തോമസ് ചാണ്ടിയുടെ വെല്ലുവിളി. കയ്യേറ്റം തെളിയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ ഞാന്‍ വെല്ലുവിളിച്ചതാണ്.

പ്രതിപക്ഷ നേതാവിനൊപ്പം മിടുക്കന്മാരായ എം.എല്‍.എമാരെയും കൊണ്ട് പുന്നമട കായലില്‍ വരാനാണ് ഞാന്‍ പറഞ്ഞത്. ഞാനും അവിടെ വരാം. താന്‍ കായല്‍ കയ്യേറിയെന്ന് കാണിച്ചു തന്നാല്‍ എന്ത് നടപടി നേരിടാനും തയ്യാറാണ്. എന്നാല്‍, ആ വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

കയ്യേറ്റം തെളിയിക്കാന്‍ ഇപ്പോഴും വെല്ലുവിളിക്കുകയാണ്. ആര്‍ക്ക് വേണമെങ്കിലും വന്ന് പരിശോധിക്കാവുന്നതേയുള്ളൂ. എന്നാല്‍, എവിടെച്ചെന്ന് പരിശോധിച്ചാലും അല്‍പം പോലും കയ്യേറ്റം താന്‍ നടത്തിയെന്ന് കണ്ടെത്താനാവില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

കയ്യേറ്റ വിവാദങ്ങളില്‍ ഭരണ മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കുന്നതിനിടെയാണ് തോമസ് ചാണ്ടിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഒരേവേദിയില്‍ എത്തിയത്. തോമസ് ചാണ്ടിയുടെ കേസ് വാദിക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലും സി.പി.ഐയും തമ്മില്‍ വാക്‌പോരും ഉണ്ടായിരുന്നു.