രാഹുല്‍ ഗാന്ധിയുടെ സന്മനസ്സിന് സോഷ്യല്‍ മീഡിയയുടെ കയ്യടി; വീണ്ടും ജനപിന്തുണയേറി

single-img
31 October 2017

കഴിഞ്ഞ കുറച്ച് നാളായി രാഷ്ട്രീയത്തില്‍ ഊര്‍ജ്ജ്വസ്വലമായ മുന്നേറ്റമാണ് രാഹുല്‍ഗാന്ധി നടത്തികൊണ്ടിരിക്കുന്നത്. എന്ത് പ്രവൃത്തിയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മാത്രം ചെയ്യുന്ന ലോകത്ത് ചില കാര്യങ്ങളില്‍ രാഷ്ട്രീയത്തിന് അപ്പുറത്ത് നിന്ന് സഹായം ചെയ്യുന്ന വ്യക്തിയാണ് താന്‍ എന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.

ഏറ്റവും ക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ കൂട്ട ബലാത്സംഗത്തിന്റെ പേരില്‍ ഇന്ത്യ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിര്‍ഭയയുടെ സഹോദരനെ വൈമാനികനാക്കിയാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ഇപ്പോള്‍ മാതൃകയായിരിക്കുന്നത്. നിര്‍ഭയയുടെ അമ്മയെ സന്ദര്‍ശിച്ച വിദേശമാധ്യമ പ്രതിനിധിയിലൂടെയാണു വാര്‍ത്ത പുറത്തുവന്നത്.

മകനു പൈലറ്റ് പഠനത്തിനു പ്രവേശനം നേടിക്കൊടുത്തതും കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും ചെയ്തതും രാഹുല്‍ ഗാന്ധിയാണെന്നു വ്യക്തമാക്കിയ നിര്‍ഭയയുടെ അമ്മ ആശാ ദേവി, ആ വലിയ മനസ്സിന് നന്ദി പറയുന്നു.

നിര്‍ഭയയുടെ പിതാവ് ബിഎന്‍ സിംഗിന് ഡല്‍ഹിയിലെ രാജ്യാന്തര വിമാനത്താളത്തിലെ സ്വകാര്യ കമ്പനിയുടെ കരാര്‍ ജീവനക്കാരന്‍ ആയിരുന്നു. ഈ തൊഴില്‍ സ്ഥിരപ്പെടുത്തി കൊടുക്കാനും രാഹുല്‍ ഇടപെട്ടു. താന്‍ ചെയ്യുന്ന സഹായങ്ങള്‍ പുറത്തറിയരുതെന്ന് രാഹുല്‍ കടുത്ത നിലപാട് എടുത്തതാണ് ഇത്രയും നാള്‍ വിവരം രഹസ്യമായിരിക്കാന്‍ കാരണമായത്.