പി.ടി.എ. റഹിം എംഎല്‍എയുടെ ഇന്നോവ കാര്‍ സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ പ്രതിയുടെ സമ്മാനം?: കാര്‍ മൂന്നു തവണ കൈമാറ്റം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്

single-img
31 October 2017

കോഴിക്കോട്: കുന്നമംഗലം എംഎല്‍എ പി.ടി.എ. റഹിം ഉപയോഗിക്കുന്ന ഇന്നോവ കാര്‍ സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ പ്രതിയുടെ സമ്മാനമെന്ന് റിപ്പോര്‍ട്ട്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി നബീല്‍ അബ്ദുള്‍ഖാദറും ഫൈസലും ചേര്‍ന്ന് എംഎല്‍എയ്ക്ക് കാര്‍ സമ്മാനമായി നല്‍കിയെന്ന് കേസിലെ ഒന്നാം പ്രതിയായ ഷഹബാസ് പറഞ്ഞതായി മാതൃഭൂമി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

എംഎല്‍എയുടെ പേരിലുള്ള കെഎല്‍ 58 എല്‍ 4717 എന്ന ഇന്നോവ കാറാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ നബില്‍ സമ്മാനിച്ചതെന്നാണ് വെളിപ്പെടുത്തല്‍. കാറിന് വേണ്ട പണം ചെക്കായാണ് നല്‍കിയതെന്നും നബീലിന്റെ ബന്ധുവായ റംഷാദ് കന്നിപൊയിലിന്റെ പേരിലാണ് ഈ ഇന്നോവ ആദ്യം രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 നവംബര്‍ നാലിനാണ് തലശേരി ആര്‍ടിഒ ഓഫീസില്‍ ഈ വാഹനം രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം 2014 ജനുവരി മൂന്നിന് എംഎല്‍എയുടെ അടുത്ത ബന്ധുവായ ലുഫ്ത്തി മുഹമ്മദിന്റെ പേരിലേക്ക് വാഹനം മാറ്റുകയായിരുന്നു. എന്നാല്‍, 2014 ജൂണ്‍ എട്ടിന് ലുഫ്ത്തി ഇന്നോവ പിടിഎ റഹിം എംഎല്‍എയുടെ പേരിലേക്ക് വീണ്ടും മാറ്റി. വാഹനം സമ്മാനമായി നല്‍കിയതാണെന്ന ആരോപണം മറികടക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് വിലയിരുത്തലുകള്‍.

ഈ കാര്‍ മൂന്നു തവണ കൈമാറ്റം ചെയ്തതിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലും കാണിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ദുബായിയില്‍ എത്തിയ ഇടത് എംഎല്‍എമാരെ കള്ളക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളി അബു ലൈസ് വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആരോപണം.

കള്ളക്കടത്ത് കേസിലെ പ്രതിയെ ഗള്‍ഫിലെത്തി സന്ദര്‍ശിക്കുകയും, അവരുടെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയും ചെയ്ത ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് എംഎല്‍എമാരെ സ്വര്‍ണ്ണക്കടത്ത് കേസിലെ പിടികിട്ടാപുള്ളി അബു ലെയ്‌സ് വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്ന ചിത്രം പുറത്തു വന്നത്. എന്നാല്‍, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ പി.ടി.എ. റഹിം എംഎല്‍എ ഇതുവരെയും തയ്യാറായിട്ടില്ല.