സഹ നടിമാരുമായുണ്ടായിരുന്ന രഹസ്യബന്ധം വെളിപ്പെടുത്തിയ നവാസുദ്ദീന്‍ സിദ്ദിഖി ‘പുലിവാല്‍ പിടിച്ചു’; ആത്മകഥ പിന്‍വലിച്ച് മാപ്പ് പറഞ്ഞു

single-img
31 October 2017

ന്യൂഡല്‍ഹി: സഹ നടിമാരുമായുണ്ടായിരുന്ന രഹസ്യബന്ധം വെളിപ്പെടുത്തിയതിന്റെ പേരില്‍ വിവാദത്തിലായ തന്റെ ആത്മകഥ പിന്‍വലിക്കുന്നതായി ബോളീവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി. പുസ്തകത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ആന്‍ ഓര്‍ഡിനറി ലൈഫ് എന്ന എന്റെ ആത്മകഥയെ ചുറ്റിപ്പറ്റിയുണ്ടായ ബഹളത്തില്‍ വികാരങ്ങള്‍ വൃണപ്പെട്ട എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ അതില്‍ ഖേദിക്കുന്നു. എന്റെ പുസ്തകം പിന്‍വലിക്കുന്നെന്നായിരുന്നു നവാസുദ്ദീന്‍ സിദ്ധിഖിന്റെ വാക്കുകള്‍.

നവാസുദ്ദീന്‍ സിദ്ദീഖി തന്റെ ‘ആന്‍ ഓര്‍ഡിനറി ലൈഫ്: എ മൊമോയിര്‍’ എന്ന ആത്മകഥയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ‘മിസ് ലവ്‌ലി’ എന്ന സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ച നിഹാരിക സിംഗുമായും മുന്‍ കാമുകി സുനിതാ രാജ്വാറുമായും തനിക്കുണ്ടായിരുന്ന രഹസ്യ ബന്ധത്തെക്കുറിച്ചായിരുന്നു ഇതില്‍ പലതും.

പുസ്തകത്തില്‍ സിദ്ദീഖി അനുവാദമില്ലാതെ പേരെടുത്ത് പരാമര്‍ശിച്ച നിഹാരിക സിങ്ങും സുനിത രാജ്വറും ഇതിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുസ്തകം വിറ്റഴിക്കാനുള്ള വില കുറഞ്ഞ തന്ത്രങ്ങളാണ് സിദ്ധിഖി പയറ്റിയതെന്നാണ് ഇരുവരും ആരോപിച്ചത്.

ഇതിന് പിന്നാലെ നിഹാരിക സിങ്ങിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിനെതിരെ വനിതാ കമ്മീഷന്‍ സിദ്ധിഖിക്കെതിരെ കേസെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മാപ്പ് പറച്ചിലുമായി താരം രംഗത്തെത്തിയത്.