വിജയ് ചിത്രം മെര്‍സല്‍ 200 കോടി നേടിയിട്ടില്ല; ബോക്‌സ് ഓഫീസ് കണക്കുകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്

single-img
31 October 2017

വിവാദമായ വിജയ് ചിത്രം മെര്‍സല്‍ ബോക്‌സ് ഓഫീസിലെ വന്‍ ഹിറ്റാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരണങ്ങളും വ്യാജമാണെന്ന് ആരോപണം. ചെന്നൈയിലെ പ്രമുഖ വിതരണക്കാരനായ അഭിരാമി രാമനാഥാനണ് ഇത് സംബന്ധിച്ച് ആരോപണവുമായി രംഗത്തെത്തിയത്.

ലോകവ്യാപകമായി ചിത്രം ഇതിനോടകം 200 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മെര്‍സലിന്റെ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ വ്യജമാണെന്ന് രാമനാഥന്‍ പറയുന്നു. ഒരു ചിത്രം 200 കോടി രൂപ കളക്ഷന്‍ നേടിയെന്ന് പറയുമ്പോള്‍ ആ ചിത്രം കാണാനുള്ള ആഗ്രഹം പ്രേക്ഷകരില്‍ ഉണ്ടാകും.

തെളിവുകള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയാണെന്ന് അറിയിച്ചുകൊണ്ടുള്ള വാദങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ല. ഇതുകൊണ്ടാണ് കളക്ഷന്‍ വിവരങ്ങള്‍ പരസ്യമായി പറയുന്നത്. എന്നാല്‍ തീയറ്റര്‍ പ്രദര്‍ശനം അവസാനിക്കാതെ ഒരു നിര്‍മാതാവിനും തന്റെ ചിത്രത്തിന്റെ കളക്ഷന്‍ എത്രയാണെന്ന് അറിയാന്‍ കഴിയില്ലെന്ന് ഒരു വിതരണക്കാരന്‍ എന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയുമെന്നും രാമനാഥന്‍ വ്യക്തമാക്കി.

രാമനാഥന്റെ ഈ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വിജയ് ഫാന്‍സിന്റെ അമര്‍ഷം നേടാന്‍ കാരണമായിട്ടുണ്ട്. നേരത്തേ ചിത്രത്തിന്റെ പേരും സംഭാഷണങ്ങളുമെല്ലാം വിവാദമായി മാറിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ആക്ഷേപം ഉയര്‍ന്നുവന്നിട്ടുള്ളത്.

ചിത്രത്തിലെ കഥാപാത്രങ്ങള്‍ ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമര്‍ശിച്ചതിനെതിരേ ബിജെപി നേതാക്കള്‍ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം മെര്‍സലിനും വിജയ്ക്കും എതിരേ മതവികാരമുണര്‍ത്തുന്നതുള്‍പ്പെടെയുള്ള ശക്തമായ പ്രചരണമാണ് ഇപ്പോഴും ബിജെപി അനുകൂലകേന്ദ്രങ്ങള്‍ നടത്തുന്നത്.