കോണ്‍ഗ്രസ് ധനമന്ത്രിമാരെ തള്ളിപ്പറഞ്ഞ് രാഹുല്‍; പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴിലാക്കണം

single-img
31 October 2017

ഡീസലും പെട്രോളും ജിഎസ്ടിക്ക് കീഴിലാക്കിമാറ്റണമെന്ന ഔദ്യോഗിക നിലപാട് സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാര്‍ ഈ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയെങ്കിലും രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമതീരുമാനമെടുക്കുകയായിരുന്നു.

പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്നുള്ള വരുമാനം ഉപേക്ഷിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്കു വന്‍വരുമാന നഷ്ടമുണ്ടാകുമെന്നായിരുന്നു പഞ്ചാബ്, കര്‍ണാടക സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ വാദിച്ചത്. നഷ്ടപരിഹാരം ഉറപ്പാക്കാതെ ഇക്കാര്യം ഉന്നയിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാര്യത്തില്‍ പ്രശ്‌നപരിഹാരമുണ്ടാക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ ജോലിയാണെന്നും ജനങ്ങളുടെ വികാരത്തിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു പൊതു വിലയിരുത്തല്‍. ഭാരവാഹികളുടെ യോഗത്തില്‍ ക്ഷണിതാക്കളായെത്തിയ സാമ്പത്തിക വിദഗ്ധന്‍ ജയ്‌റാം രമേശും മുന്‍ ധനമന്ത്രി പി ചിദംബരവും ജിഎസ്ടി നിര്‍വഹണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

നിര്‍വ്വഹണത്തിന്റെ അപാകതകള്‍ കൊണ്ട് ഉപഭോക്താക്കളും വ്യാപാരികളും ഒരുപോലെ വലയുന്നതാണ് ജിഎസ്ടിയെന്ന് പി ചിദംബരവും ജയറാം രമേശും പറഞ്ഞു. പത്തു സാധനങ്ങള്‍ വാങ്ങുന്നയാള്‍ക്ക് ജിഎസ്ടി പ്രകാരം പത്തു ബില്ലുകള്‍ നല്‍കേണ്ടതുണ്ട്.

എന്നാല്‍ പല നികുതിയിലുള്ള സാധനങ്ങള്‍ക്കെല്ലാം കൂടി 28 ശതമാനം ജിഎസ്ടി ഈടാക്കി ഒറ്റ ബില്ലായിരിക്കും നല്‍കുക. ഇതിന്റെ നികുതിക്രമം മനസ്സിലാക്കാന്‍ വ്യാപാരിക്കും ഉപയോക്താവിനും കഴിയുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

പെട്രോള്‍, ഡീസല്‍ എന്നിവ ജിഎസ്ടിയ്ക്ക് കീഴിലാക്കുന്നതിന് അനേകം സംസ്ഥാനങ്ങള്‍ ഇപ്പോഴും വിഘടിച്ചു തന്നെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഇന്ധനവില ജിഎസ്ടിയ്ക്ക് കീഴിലാക്കാനുള്ള നിര്‍ദേശത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്നത്.