അമ്പ് കഴുത്തില്‍ തുളച്ചു കയറിയ അമ്പെയ്ത്ത് താരം അദ്ഭുതകരമായി രക്ഷപ്പെട്ടു

single-img
31 October 2017

ന്യൂഡല്‍ഹി: പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ച് കയറിയ അമ്പെയ്ത്ത് താരം അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊല്‍ക്കത്തയിലെ ബോല്‍പൂരിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) പരിശീലന കേന്ദ്രത്തിലാണ് അപകടമുണ്ടായത്.

പരിശീലനം നടത്തുന്നതിനിടെ 14 വയസ്സുകാരി ഫസില ഖാന്റ കഴുത്തിലാണ് അമ്പ് തറച്ച് കയറിയത്. മില്ലിമീറ്ററിന്റെ വ്യത്യാസത്തിലാണ് കഴുത്തിലെ രക്തധമനികളില്‍ അമ്പേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് സായ് ഡയറക്ടര്‍ എംഎസ് ഗോയിന്ദി പറഞ്ഞു.

ശസ്ത്രക്രിയയിലൂടെ അമ്പ് കഴുത്തില്‍ നിന്ന് നീക്കം ചെയ്തതായും ഇപ്പോള്‍ ഫസില അപകട നില തരണം ചെയ്‌തെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മറ്റൊരു യുവ അമ്പെയ്ത്ത് താരമായ ജുവല്‍ ഷെയ്ഖ് സായി സെന്ററില്‍ പരിശീലനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി അമ്പെയ്യുന്ന ദിശയിലേക്ക് ഫാസില വരികയായിരുന്നു.

ഞങ്ങള്‍ നാല് പേരായിരുന്നു പരിശീലനം നടത്തിയിരുന്നത്. ആദ്യത്തെ രണ്ടു പേരുടേത് കഴിഞ്ഞ ശേഷം പിന്നീട് എന്റെ ഊഴമായി. ഞാന്‍ അമ്പെയ്യാന്‍ നിന്നപ്പോള്‍ ഫാസില എന്റെ അടുത്തേക്ക് പ്രതീക്ഷിക്കാതെ കടന്ന് വരികയും കൈവിട്ട അമ്പ് അവളുടെ കഴുത്തില്‍ തുളച്ചുകയറുകയുമായിരുന്നെന്ന് ജുവല്‍ പറഞ്ഞു.