‘ജിഎസ്ടി വന്നപ്പോള്‍ വിലകുറഞ്ഞ ഏക സാധനം ബിജെപി’: എളമരം കരീമിന്റെ ട്രോള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
31 October 2017

ജിഎസ്ടി വന്നാല്‍ സാധനങ്ങള്‍ക്ക് വില കുറയുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, വിലയിടിഞ്ഞത് മോഡിക്കും ബിജെപിക്കുമാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോട്ട്‌നിരോധം സൃഷ്ടിച്ച ദുരന്തം ഇനിയും അവസാനിച്ചിട്ടില്ല. രാജ്യത്തിന്റെ തൊഴില്‍മേഖലയെയും സമ്പദ് വ്യവസ്ഥയെയും അത് ബാധിച്ചു. ഈ അവസ്ഥയിലാണ് വേണ്ടത്ര മുന്‍കരുതലില്ലാതെ ജിഎസ്ടി നടപ്പാക്കിയത്. തെരഞ്ഞെടുപ്പുകാലത്ത് മോഡി പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ലെന്നും എളമരം കരീം പറഞ്ഞു.

ജീവിതനിലവാരത്തിന്റെ ഏതു സൂചികയിലും ഒന്നാംസ്ഥാനത്ത് കേരളമാണ്. കേരളത്തിന് ഇതു സാധിച്ചത് ഇടയ്ക്കിടെ എല്‍ഡിഎഫ് ഭരണം വന്നതുകൊണ്ടും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുള്ളതുകൊണ്ടുമാണ്. രാജ്യത്താകെയുള്ള തൊഴിലാളികള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്.

യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ബിഎംഎസ്, ബിജെപി സര്‍ക്കാര്‍ അതേ നയങ്ങള്‍ തുടരുമ്പോള്‍ മാറിനില്‍ക്കുന്നത് വഞ്ചനയാണെന്നും എളമരം കരീം പറഞ്ഞു. അതേസമയം ‘ജിഎസ്ടി വന്നപ്പോള്‍ വിലകുറഞ്ഞ ഏക സാധനം ബിജെപി’ആണെന്ന എളമരം കരീമിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.