ചട്ടം ലംഘിച്ച് സ്വകാര്യ പ്രക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് പിടിവീഴും; 23 ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്

single-img
31 October 2017

കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് സ്വകാര്യ പ്രക്ടീസ് നടത്തുന്ന 23 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്വകാര്യ ക്ലിനിക്കുകളിലും ലാബുകളിലും പ്രാക്ടീസ് നടത്തി വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് നടപടിക്കൊരുങ്ങുന്നത്.

ഇതിന് കൂട്ടുനിന്നതിന്റെ പേരില്‍ രണ്ട് ലബോറട്ടറി ഉടമകള്‍ക്കെതിരേയും നപടി എടുക്കും. വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം ഭാഗങ്ങളിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി. കേരള ലോകായുക്തയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കുന്നത്.

ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ നവംബര്‍ 9ന് ലോകായുക്ത മുമ്പാകെ ഹാജരായി ഇവര്‍ക്കെതിരെ സ്വീകരിക്കുന്ന ശിക്ഷാ നടപടി കോടതിയില്‍ വ്യക്തമാക്കും. സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത അന്യായത്തിന്മേലാണ് കോടതിയുടെ ഉത്തരവ്. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു.

തുടര്‍ന്ന് ഡിവൈഎസ്പി ജി സാബു നടത്തിയ അന്വേഷണത്തിലാണ് വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തിയത്. ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റു ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് നടത്താമെങ്കിലും സ്വകാര്യ ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവിടങ്ങളില്‍ പ്രാക്ടീസ് നടത്താന്‍ പാടില്ല.

എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ നിര്‍ദ്ദേശമെല്ലാം ലംഘിച്ചതായി കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചില ഡോക്ടര്‍മാര്‍ വരെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായാണ് കണ്ടെത്തല്‍. വീട്ടില്‍ പോലും സ്വകാര്യ പ്രാക്ടീസ് നടത്താന്‍ പാടില്ലാത്ത മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ് ഇത്തരത്തില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്.

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് പകരം സര്‍ക്കാര്‍ പ്രത്യേക അലവന്‍സ് നല്‍കുന്നുണ്ട്. ഇതും വാങ്ങിയിട്ടാണ് ഇത്തരക്കാരുടെ സ്വകാര്യ പ്രാക്ടീസ്. കുറ്റ്യാടി ഗവണ്‍മെന്റ് ആശുപത്രി, കുറ്റ്യാടി താലൂക്ക് ആശുപത്രി, നാദാപുരം ഗവണ്‍മെന്റ് ആശുപത്രി എന്നിവിടങ്ങളിലെ ചില ഡോക്ടര്‍മാര്‍ സ്വകാര്യ ലാബുകളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഉച്ചവരെ ആശുപത്രികളില്‍ ഇരുന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ സ്വകാര്യ ലാബുകളില്‍ പ്രാക്ടീസ് നടത്തുന്നതെന്നാണ് വിവരം. ഒരു രോഗിയുടെ അടുത്ത് നിന്ന് 200 മുതല്‍ 300 രൂപവരെ ഫീസും ഇവര്‍ ഈടാക്കുന്നുണ്ട്. ഇവരുടെയെല്ലാം പേര് ബോര്‍ഡുകളില്‍ എഴുതി ലാബുകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രം സഹിതമാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. പാവപ്പെട്ടവരെ പിഴിയുന്ന ഈ ലാബുകള്‍ക്ക് ഡോക്ടര്‍മാര്‍ കൂട്ടു നില്‍ക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. ലബോറട്ടറികളില്‍ ചെല്ലുന്നവര്‍ക്ക് ആവശ്യമില്ലാത്ത ടെസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. മരുന്ന് നല്‍കുന്നതിലും ലബോറട്ടറികള്‍ തന്ത്രം കാണിക്കുന്നുണ്ട്.