നടിയെ ആക്രമിച്ച കേസില്‍ കാര്യങ്ങള്‍ ദിലീപിന് അനുകൂലമാകുന്നോ?: അന്വേഷണ സംഘത്തിന് തിരിച്ചടി നല്‍കി പ്രധാന സാക്ഷി കോടതിയില്‍ മൊഴിമാറ്റി

single-img
31 October 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുഖ്യസാക്ഷി നാടകീയമായി കോടതിയില്‍ മൊഴിമാറ്റി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞത്.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയത് കണ്ടിട്ടില്ലെന്നാണ് ജീവനക്കാരന്‍ കോടതിയില്‍ മൊഴി നല്‍കിയത്. ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നതിന് മുമ്പാണ് ഇയാള്‍ കോടതിയില്‍ മൊഴി മാറ്റിയത്. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. അതേസമയം, മൊഴി മാറ്റത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊലീസ് പിടിയിലാകുന്നതിന്റെ തലേദിവസം പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയെന്നും കാവ്യയെ അന്വേഷിച്ചുവെന്നുമാണ് നേരത്തെ ഈ ജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. ലക്ഷ്യയിലെത്തിയപ്പോള്‍ സുനിയോടൊപ്പം കേസിലെ മറ്റൊരു പ്രതിയായ വിജേഷുമുണ്ടായിരുന്നു.

കാവ്യ കടയിലില്ലെന്നും ആലുവയിലാണെന്നും അറിഞ്ഞശേഷം സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാര്‍ഡും വാങ്ങിയാണ് സുനി മടങ്ങിയതെന്നുമായിരുന്നു ഇയാളുടെ മൊഴി.

അതേസമയം ലക്ഷ്യയില്‍ പോയിരുന്നെന്ന് സുനി നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല, ജയിലില്‍ കിടക്കവെ ദിലീപിന് എഴുതിയ കത്തിലും താന്‍ ലക്ഷ്യയിലെത്തിയിരുന്നതായി പള്‍സര്‍ സുനി പറഞ്ഞിരുന്നു. അവിടെയെത്തിയപ്പോള്‍ കാവ്യ കടയില്‍ ഉണ്ടായിരുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.