തമിഴ്‌നാട്ടില്‍ കനത്ത മഴ; ചെന്നൈ നഗരത്തില്‍ ഗതാഗതം നിലച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

single-img
31 October 2017

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. അടുത്ത വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ മാസം 28നാണു വടക്കുകിഴക്കന്‍ മണ്‍സൂണ്‍ തമിഴ്‌നാട്ടില്‍ പെയ്തു തുടങ്ങിയത്. വെള്ളക്കെട്ടിലായ ചെന്നൈ നഗരത്തില്‍ ഗതാഗതം നിലച്ചിരിക്കുകയാണ്.

റോഡുനിരപ്പിനോടു ചേര്‍ന്നുള്ള വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. കില്‍പൗക്, കോയമ്പേട് എന്നിവിടങ്ങളിലെ വീടുകളിലാണു കൂടുതലായി വെള്ളം കയറിയത്. ടി നഗറിന് അടുത്തുള്ള മാമ്പലത്ത് ഗതാഗതക്കുരുക്കിലേക്കു മരം വീണതു പരിഭ്രാന്തി പരത്തി.

തഞ്ചാവൂര്‍ ജില്ലയില്‍ മതിലിടിഞ്ഞുവീണ് ഒരാള്‍ മരിക്കുകയും ചെയ്തു. മഴ കനത്തതോടെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നു പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഉച്ചതിരിഞ്ഞു മൂന്നുമണിക്കു ക്ലാസുകള്‍ അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ശക്തമായ മഴ പെയ്യുമെന്ന അറിയിപ്പിനെ തുടര്‍ന്നു മുന്‍കരുതല്‍ എടുത്തതായി അധികൃതര്‍ പറഞ്ഞു.