ആധാറിന്റെ ഭരണഘടനാ സാധുത: സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നവംബര്‍ അവസാന വാരം വാദം കേള്‍ക്കും

single-img
30 October 2017

ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നവംബര്‍ അവസാന വാരം വാദം കേള്‍ക്കും. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.

അതേസമയം, സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തെ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് കോടതി ആരാഞ്ഞു.

ഇതിന് പിന്നാലെയാണ് വിവിധ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് കൈമാറിയത്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ ഫെബ്രുവരിയിലോ, മാര്‍ച്ചിലോ വാദം കേള്‍ക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഇന്ന് കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഹര്‍ജിക്കാര്‍ക്കായി ഹാജരായ സീനിയര്‍ അഭിഭാഷകരായ ശ്യാം ദിവാനും ഗോപാല്‍ സുബ്രമണ്യവും ഇതിനെ എതിര്‍ത്തു. വാദം അടുത്ത വര്‍ഷത്തിലേക്ക് മാറ്റുകയാണെങ്കില്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് അതുവരെ നീട്ടിവെയ്ക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് നവംബര്‍ അവസാനവാരം ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.